പോയാലിമലയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മെമ്പര്‍ ഇ.എം. ഷാജി റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കുന്നു

പോയാലിമല അളന്ന് തിട്ടപ്പെടുത്തണം; റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കി

മൂവാറ്റുപുഴ: റവന്യൂ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള പ്രകൃതിരമണീയമായ പോയാലിമലയില്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പോയാലിമല അളന്ന് തിട്ടപ്പെടുത്തി ജണ്ഡ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് നിവേദനം നല്‍കി. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളാണ്  റവന്യൂ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത്.

ഒരു നാടിന്‍റെ സ്വപ്‌ന പദ്ധതിയായ പോയാലി മല ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി റവന്യൂ വകുപ്പിന്‍റെ ഉടമസ്ഥതയിലള്ള 18 ഏക്കറോളം വരുന്ന പോയാലി മല അളന്ന് തിട്ടപ്പെടുത്തി ജണ്ഡ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. സ്ഥലം അളന്ന് തിട്ടപ്പെടുത്തിയാല്‍ മാത്രമേ ടൂറിസം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് പഞ്ചായത്ത് അംഗങ്ങള്‍ മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്. വിഷയത്തില്‍ വേണ്ട ഇടപെടല്‍ നടത്താമെന്ന് മന്ത്രി കെ. രാജന്‍ ഉറപ്പ് നല്‍കി.

വിനോദ സഞ്ചാര കേന്ദമാക്കുന്നതിനുളള എല്ലാം സാധ്യതകളും ഒത്തിണങ്ങിയ പോയാലിമലയെ വിനോദ സഞ്ചാരമാക്കണമെന്ന ആവശ്യം രണ്ടു പതിറ്റാണ്ട് മുമ്പ് ഉയര്‍ന്നതാണ്. ഇതിനു ശേഷം ഇത്രതന്നെ പ്രധാന്യമില്ലാത്ത പല സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടും അവികസിത മേഖലയായ പായിപ്ര പഞ്ചായത്തിലെ പോയാലി മല ടൂറിസ്റ്റ് കേന്ദമാക്കുവാന്‍ ടൂറിസം വകുപ്പ് തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന മലമുകളില്‍ ഒരിക്കലും വെളളം വറ്റാത്ത കിണറാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

പ്രകൃതി ഭംഗിയും ആസ്വദിക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ടങ്കിലും മലമുകളിലെത്തുന്നതിനു വേണ്ട സൗകര്യങ്ങള്‍ പരിമിതമാണ്. പലരും സാഹസികമായി കല്ലുകളില്‍ നിന്നും പാറകളിലേക്ക് ചാടി കടന്നാണ് മലമുകളില്‍ എത്തിപെടുന്നത്. മൂവാററുപുഴ നഗരത്തില്‍ നിന്നും ഒന്‍മ്പത് കിലോമീറ്റര്‍ മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന പായിപ്ര പഞ്ചായത്തിലെ 2, 3 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പോയാലിമല ടൂറിസ്റ്റ് കേന്ദ്രമാക്കന്നതിനുളള സാഹചര്യങ്ങളും നിലവിലുണ്ട്. സമുദ്രനിരപ്പില്‍ നിന്നും അഞ്ഞൂറ് അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പാറക്കെട്ടുകളും, മൊട്ട കുന്നുകളും നിറഞ്ഞ് അനുഗ്രഹീതമാണ്.

18 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മലയില്‍ ഏതു സമയവും വീശിയടിക്കുന്ന ഇളം കാറ്റും കൂട്ടിനുണ്ട്. ഐതീഹ്യങ്ങള്‍ ഏറെയുളള മലയുടെ മുകളിലുളള കിണറും, കാല്‍പ്പാദങ്ങളും  നാട്ടുകാര്‍എപ്പോഴും അത്ഭുതത്തോടെ യാണ് നോക്കികാണുന്നത്. നേരത്തെ മലയിലേക്കെത്താന്‍ നിരവധി വഴികളുണ്ടായിരുന്നങ്കിലും ഇപ്പോഴിതെല്ലാം പലരും കൈയ്യേറി കഴിഞ്ഞു. മലയുടെ താഴ്ഭാഗം മുഴുവന്‍ സ്വകാര്യ വ്യക്തികളുടെ കൈവശവുമായി.  

മലയുടെ മറുഭാഗത്തെ മനോഹരമായ കാഴ്ചയായിരുന്ന വെളളച്ചാട്ടം കരിങ്കല്‍ ഖനനം മൂലം അപ്രത്യക്ഷമായി. മുളവൂര്‍ തോടിന്‍റെ കൈവഴിയായി ഒഴുകിയെത്തിയിരുന്ന കല്‍ചിറ തോട്ടിലെ നീന്തല്‍ പരിശീലന കേന്ദ്രവും കാണാനില്ല. പോയാലി ടൂറിസം പദ്ധതിയുടെ ഭാഗമായി  മലയില്‍ എളുപ്പത്തില്‍ എത്താവുന്ന രൂപത്തില്‍ റോഡ് ഉണ്ടാക്കുക, റോപ്പെ സ്ഥാപിക്കുക, മലമുകളിലെ വൂ പോയിന്‍റുകളില്‍ കാഴ്ച സൗകര്യങ്ങള്‍ ഒരുക്കുക, വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക, മലമുകളിലെ അത്ഭുത കിണറും, കാല്‍പാദവും, വെളളച്ചാട്ടവും, കല്‍ചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയവ മലയില്‍ നടപ്പിലാക്കിയാല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി പോയാലി മല മാറും. മാത്രവുമല്ല വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ എല്ലാ രീതിയിലും ഒത്തിണങ്ങിയ പോയാലി മല ടൂറിസം പദ്ധതി നടപ്പിലായാല്‍ നിരവധി പേര്‍ക്ക് തൊഴിലും ഒരു നാടിന്‍റെ അവശേഷിക്കുന്ന തനതു പൈതൃകവും ചരിത്രം നിലനിര്‍ത്താന്‍ കഴിയും.

കല്ലില്‍ ഗുഹാക്ഷേത്രത്തിന്റെ പൈതൃകം പേറുന്ന പോയാലി മല വിനോദ സഞ്ചാര കേന്ദ്രമാക്കുവാന്‍ ഏറ്റവും അനുയോജ്യമാണ്. ശലഭോദ്യാന പാര്‍ക്ക്, വ്യൂ ടവര്‍ എന്നവയെല്ലാം നിര്‍മ്മിക്കുമ്പോള്‍ ആരേയും ആകര്‍ഷിക്കുന്ന വിനോദ സഞ്ചാരകേന്ദമാകും . മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് ഇടതാവളമായി പോയാലി മല മാറും. 

Tags:    
News Summary - Muvattupuzha Poyali Mala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.