മൂവാറ്റുപുഴ: നഗര റോഡ് വികസന ഭാഗമായി പൊലീസ് തയാറാക്കിയ ഗതാഗത പരിഷ്കാരം താൽക്കാലം നടപ്പാക്കേണ്ടെന്നും ചേംബറുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കിയശേഷം മാത്രം നടപ്പാക്കിയാൽ മതിയെന്നും തീരുമാനം. കലക്ടറേറ്റിൽ എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവിൽ കേബിളുകളും കുടിവെള്ള പൈപ്പുകളും കൊണ്ടുപോകുന്നതിനായി റോഡിനരികിൽ ചേംബറുകൾ സ്ഥാപിക്കുന്ന ജോലി നടന്നുവരുകയാണ്. അരമനപ്പടി മുതൽ കച്ചേരിത്താഴം വരെ ഭാഗങ്ങളിൽ ചേംബറുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇത് 130 കവല മുതൽ വെള്ളൂർകുന്നം വരെ പൂർത്തിയാക്കുകയും നിലവിൽ റോഡിനു നടുവിലായി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തശേഷം കലുങ്ക് നിർമാണം ആരംഭിക്കുമ്പോൾ മാത്രം ഗതാഗത പരിഷ്കാരം നടത്തിയാൽ മതിയെന്നാണ് തീരുമാനം.
കലുങ്ക് നിർമാണത്തിനായി റോഡിന്റെ ഒരുഭാഗം അടച്ച് മറുവശത്തുകൂടി ഗതാഗതം നടത്താനായിരുന്നു പൊലീസ് പദ്ധതിയിട്ടിരുന്നത്. ഇഴഞ്ഞുനീങ്ങുന്ന നഗര റോഡ് വികസനത്തിന്റെ പുരോഗതി അഞ്ച് ദിവസത്തിനകം സമർപ്പിക്കണമെന്നും റോഡ് വികസനത്തിനേറ്റെടുത്ത ഭൂമി പൂർണമായും ഉപയോഗപ്പെടുത്തണമെന്നും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർക്ക് യോഗം നിർദേശം നൽകി. ഉദ്യോഗസ്ഥരും കരാറുകാരനും തമ്മിലുള്ള തർക്കങ്ങളും ഏറ്റെടുത്ത ഭൂമി റോഡ് നിർമാണത്തിന് ഉപയോഗിക്കാതെ ഉദ്യോഗസ്ഥർ നടത്തുന്ന അലസ സമീപനവും യോഗത്തിൽ ഉയർന്നു. ഇതേതുടർന്നാണ് അഞ്ച് ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കാനും ഏറ്റെടുത്ത ഭൂമി പൂർണമായി പ്രയോജനപ്പെടുത്താനും യോഗം നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.