മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന മൂവാറ്റുപുഴ-തേനി റോഡിന്റെ കിഴക്കേക്കര മേഖലയിലെ നിർമാണം നിലച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. റോഡിനു വീതി കൂട്ടണമെന്നതടക്കമുള്ള നിർദേശങ്ങളുമായി ഒരുവിഭാഗം ആളുകളെത്തി ബഹളം വെച്ചതോടെ കരാറുകാരൻ നിർമാണ പ്രവർത്തനങ്ങൾ നിർത്തി സ്ഥലംവിടുകയായിരുന്നു. ചാലിക്കടവ് പാലത്തിൽനിന്ന് നാലര കിലോമീറ്റർ ദൂരെ രണ്ടാർ വരെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച കിഴക്കേക്കര മേഖലയിൽ നാട്ടുകാരിൽ ചിലരെത്തി പ്രശ്നം സൃഷ്ടിച്ചത്.
നിലവിലെ ഡി.പി.ആറിൽനിന്നും എസ്റ്റിമേറ്റിൽനിന്നും വ്യതിചലിച്ചുള്ള നിർദേശങ്ങളാണ് ചാലിക്കടവ് പാലത്തിനു സമീപവും കിഴക്കേക്കരയിലും ചിലർ ഉയർത്തിയത്. ചാലിക്കടവ് പാലത്തിനു സമീപം മുതൽ റേഷൻ കടപടി വരെ ഡി.പി.ആറിൽ മാറ്റംവരുത്തി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ കിഴക്കേക്കര ഭാഗത്തും പലവിധ നിർദേശങ്ങളുമായി നാട്ടുകാരിൽ ചിലർ രംഗത്തു വന്നത്. പാതിവഴിയിൽ റോഡ് നിർമാണം നിലച്ചതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. കല്ലൂർക്കാട് മുതലുള്ളവരുടെ യാത്രാമാർഗമാണ് റോഡ്. റോഡ് നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. 80 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന മൂവാറ്റുപുഴ-തേനി റോഡിന്റ മൂവാറ്റുപുഴ മണ്ഡലത്തിൽപെട്ട പെരുമാംകണ്ടം മുതൽ മൂവാറ്റുപുഴ രണ്ടാർ വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഇനി നാലര കിലോമീറ്റർ മാത്രമാണ് തീരാനുള്ളത്. ഇതിനിടെയാണ് പുതിയ പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.