മൂവാറ്റുപുഴ: ഓണത്തിരക്കേറിയതോടെ നഗരം ഗതാഗതക്കുരുക്കിൽ വലഞ്ഞു. കുഴികളും ശക്തമായ മഴയും കൂടിയായതോടെ നഗരം അക്ഷരാർഥത്തിൽ സ്തംഭിച്ചു. രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് തിങ്കളാഴ്ച വൈകിയും തുടർന്നു. നഗരത്തിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തത് സ്ഥിതി രൂക്ഷമാക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ നാലുമണിക്കൂറാണ് ഗതാഗതക്കുരുക്ക് മൂലം ഗതാഗതം സ്തംഭിച്ചത്. വൈകീട്ട് ആറോടെ വീണ്ടും കുരുക്ക് രൂക്ഷമായി. വെള്ളൂർക്കുന്നം മുതൽ പി.ഒ ജങ്ഷൻ വരെ എത്താൻ അരമണിക്കൂറോളം വേണ്ടിവരുന്ന സ്ഥിതിയാണിപ്പോൾ.
ഓണത്തിരക്ക് മുന്നിൽകണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ ഇരുപതോളം പൊലീസുകാരെക്കൂടി അധികമായി നിയോഗിച്ചിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ സമീപ സ്റ്റേഷനുകളിൽനിന്ന് എത്തിക്കാൻ ശ്രമം നടന്നെങ്കിലും ആൾദൗർലഭ്യമുള്ളത് കൊണ്ട് കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച രാവിലെ മുതൽ തന്നെ നഗരത്തിലെ എല്ലാ റോഡുകളും വാഹനങ്ങൾകൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. മൂന്ന് സംസ്ഥാന പാതകളും ദേശീയപാതയും കടന്നുപോകുന്ന നഗരത്തിലെ എല്ലാ റോഡുകളും വാഹനങ്ങളെക്കൊണ്ട് വീർപ്പുമുട്ടി.
എറണാകുളം റോഡിൽ അമ്പലം പടി വരെയും എം.സി റോഡിൽ പായിപ്ര കവല വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഉപറോഡുകളും വാഹനങ്ങൾ കൈയടക്കിയതോടെ ഗതാഗതം തകരാറിലായി. കനത്ത മഴക്കിടയിലും പൊലീസുദ്യോഗസ്ഥരുടെ കഠിനാധ്വാനം മൂലമാണ് ഒരുപരിധി വരെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞത്. ഇതിനിടെ മഴ വീണ്ടും ശക്തമായതോടെ റോഡുകളിൽ കൂടുതൽ കുഴികൾ രൂപപ്പെടുന്നുണ്ട്. ഇത് കുരുക്ക് കൂടാൻ കാരണമാകുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.