മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ കടവുകളിലടക്കം എക്കലും മാലിന്യവും അടിഞ്ഞുകൂടുന്നത് ആശങ്ക സൃഷ്ടക്കുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ. മൂവാറ്റുപുഴയാറിന്റെ തീരത്ത് മണലും എക്കലും അടിഞ്ഞുകൂടി പുഴ നികന്നുവരുന്ന കാഴ്ചയാണ്. പ്രളയത്തിന് ശേഷമാണ് ഈ പ്രതിഭാസം കൂടുതലായത്.
പണ്ട് കാണപ്പെട്ടിരുന്ന മണപ്പുറത്തിന്റെ രൂപം ഉണ്ടെങ്കിലും മാലിന്യവും മണ്ണും പുഴയുടെ തീരത്ത് അടിഞ്ഞുകൂടിയാണ് പുതിയ മണപ്പുറം രൂപപ്പെട്ടിരിക്കുന്നത്. കടുത്ത വേനലിൽ പുഴയിൽ വെള്ളം കുറഞ്ഞതോടെയാണ് മണലും എക്കലും അടിഞ്ഞത് കൂടുതൽ തെളിഞ്ഞുവന്നത്.
പുഴയുടെ സ്വാഭാവിക നീരൊഴുക്കിനു ഇതു തടസ്സമാകുന്നുണ്ട്. ആഴവും കുറഞ്ഞിട്ടുണ്ട്. പുഴയെ നശിപ്പിക്കുന്ന വിധത്തിലാണ് പുതിയ മണപ്പുറം രൂപംകൊള്ളുന്നതെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. നദികളിലും ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലും അടിഞ്ഞുകൂടിയ ചളിയും മണലും വേർതിരിക്കാനും വേർതിരിക്കുന്ന മണൽ റിവർ മാനേജ്മെന്റ് ഫണ്ട് വിനിയോഗിച്ച് പ്രളയ ദുരിത ബാധിതർക്ക് വീട് നിർമാണം, റോഡ് പുനർനിർമാണം തുടങ്ങിയവക്ക് പ്രയോജനപ്പെടുത്താനും സർക്കാർ തീരുമാനമായെങ്കിലും നടപടിയുണ്ടായില്ല.
നിയന്ത്രണ വിധേയമായി പുഴകളിൽനിന്ന് മണൽ വാരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും മൂവാറ്റുപുഴയാറിനെ അനുമതിയുള്ള നദികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രളയത്തിൽ ഏറ്റവും കൂടുതൽ മണൽ അടിഞ്ഞുകൂടിയ മൂവാറ്റുപുഴയാറിന്റെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുന്നത് ഒഴിവാക്കാൻ പുഴയിലെ മണൽ വാരിമാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.