മൂവാറ്റുപുഴ: 15 ലക്ഷം രൂപ കുടിശ്ശികയിൽ നാലു ലക്ഷം രൂപ ആദ്യം അടച്ചാൽ നടുക്കര അഗ്രോ ആൻഡ് ഫ്രൂട്ട്സ് പ്രോസസിങ് കമ്പനിയിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന് കെ.എസ്.ഇ.ബി. എന്നാൽ, തങ്ങളുടെ പക്കൽ ഫണ്ടില്ലെന്ന് കമ്പനി. 24ന് ശേഷം തീരുമാനം എടുക്കാമെന്ന് ധനവകുപ്പും നിലപാട് എടുത്തതോടെ കമ്പനി അടുത്ത ദിവസം തുറക്കുമെന്ന തൊഴിലാളികളുടെ പ്രതീക്ഷക്ക് തിരിച്ചടിയായി.
പലിശയടക്കം 14.49 ലക്ഷം കുടിശ്ശികയുണ്ടെന്ന പേരിൽ വെള്ളിയാഴ്ചയാണ് കമ്പനിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത്. ഇതോടെ ലക്ഷക്കണക്കിന് രൂപയുടെ അസംസ്കൃത വസ്തുക്കളും ഉൽപന്നങ്ങളുമാണ് നശിക്കുന്നത്. വൈദ്യുതി ലഭിച്ചാൽ ഉൽപന്നങ്ങൾ വിറ്റ് നാലുലക്ഷം രൂപ അടക്കാൻ കഴിയുമായിരുന്നുവെന്ന് തൊഴിലാളികളും മാനേജ്മെന്റും പറയുന്നു. ഉൽപന്നങ്ങൾ പുറത്തേക്ക് കൊണ്ടുപോകണമെങ്കിൽ ജി.എസ്.ടി ബില്ല് വേണം.
ബില്ല് പ്രിന്റ് ചെയ്യാൻ വൈദ്യുതി വേണം. ഈ സാഹചര്യത്തിൽ വൈദ്യുതി ലഭിച്ചാൽ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ജീവനക്കാർ പറയുന്നത്. ഇതിനിടെ തിങ്കളാഴ്ചയും 56 തൊഴിലാളികളും കമ്പനിയിലെത്തി ചെയർമാൻ അടക്കമുള്ളവരുമായി ആശങ്ക പങ്കുവെച്ചു. വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെ കമ്പനി പ്രവർത്തനം പൂർണമായി നിലച്ചിരിക്കുകയാണ്. ഫ്രീസറുകളിൽ സൂക്ഷിച്ചിരിക്കുന്ന ആറ് ലക്ഷത്തോളം രൂപയുടെ ഉൽപന്നങ്ങളും അസംസ്കൃത വസ്തുക്കളും നശിക്കുമെന്ന ആശങ്കയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.