മൂവാറ്റുപുഴ: കൃഷിവകുപ്പിന് കീഴിലുള്ള നടുക്കര പൈനാപ്പിൾ കമ്പനി അടച്ചുപൂട്ടൽ ഭീഷണിയിൽ. കമ്പനി പ്രവർത്തിപ്പിക്കുന്നതിനുവേണ്ട മൂലധനം ഇല്ലായ്മയും യന്ത്രങ്ങളുടെ തകരാറുമാണ് ഒരുകാലത്ത് നല്ല നിലയിൽ പ്രവർത്തിച്ച കമ്പനിയെ ബാധിച്ചത്. മൂന്ന് പതിറ്റാണ്ടുമുമ്പ് സ്ഥാപിച്ച യന്ത്രങ്ങളിൽ പലതും പ്രവർത്തിക്കാതായിട്ട് മാസങ്ങൾ കഴിഞ്ഞു. പൈനാപ്പിൾ സംസ്കരണം നടന്നിട്ടും മാസങ്ങളായി. പൈനാപ്പിൾ സംസ്കരണ യന്ത്രങ്ങൾ പ്രവർത്തനക്ഷമമാക്കാൻ കോടികൾ ചെലവഴിച്ചു നടത്തിയ അറ്റകുറ്റപ്പണിക്കുശേഷവും ഒരു ദിവസം പോലും ഇവയൊന്നും പ്രവർത്തിപ്പിക്കാനായിട്ടില്ല. 1999ൽ സ്ഥാപിച്ച അസെപ്റ്റിക് ലിക്വിഡ് ഫില്ലിങ് മെഷീന്റെ കാലാവധി കഴിഞ്ഞു. മൂന്നുവർഷം മുമ്പാണ് ഇതിൽ അറ്റകുറ്റപ്പണി നടത്താൻ 27 ലക്ഷം രൂപ ചെലവഴിച്ചത്. അഞ്ച് കോടിയോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച ബോട്ട്ലിങ് പ്ലാൻറിന്റെ പ്രവർത്തനവും കാര്യക്ഷമമല്ല. പ്ലാൻറ് സ്ഥാപിച്ച കമ്പനിയുമായുള്ള തർക്കവും നിയമ നടപടികളും മൂലം ഓട്ടോമാറ്റിക് യന്ത്രം പ്രവർത്തിപ്പിക്കുന്നത് കൈകൊണ്ടാണ്. പൈനാപ്പിൾ സംസ്കരണം നടക്കാത്തതിനാൽ പൈനാപ്പിളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനവും നിലച്ചിരിക്കുകയാണ്.
നിലവിൽ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയിൽ വൈദ്യുതി കുടിശ്ശിക കോടികളാണ്. കമ്പനിയുടെ ഫ്യൂസ് ഊരാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും എം.എൽ.എ ഇടപെട്ട് സാവകാശം നൽകിയിരിക്കുകയാണ്. എന്നാൽ, കുടിശ്ശിക പൂർണമായി കൊടുത്തുതീർക്കാൻ കമ്പനിക്ക് ഉടനെയൊന്നും കഴിയില്ല. കാലാവധി കഴിഞ്ഞ യന്ത്രങ്ങൾ പൂർണമായി മാറ്റിസ്ഥാപിക്കാനും പുതിയ ബോട്ട്ലിങ് പ്ലാൻറുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ അവസാനിപ്പിച്ച് പൂർണതോതിൽ പ്രവർത്തിപ്പിക്കാനും കഴിഞ്ഞില്ലെങ്കിൽ കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് ജീവനക്കാർ.പൈനാപ്പിൾ കർഷകരുടെ ക്ഷേമത്തിന് ആരംഭിച്ച നടുക്കര കമ്പനി നിലവിൽ ബാധ്യതയായിക്കഴിഞ്ഞു. സർക്കാറിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാെയങ്കിലേ കമ്പനിക്ക് ഇനി മുന്നോട്ട് നീങ്ങാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.