മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ മൂന്നാർ മുതല്‍ കൊച്ചി വരെയുള്ള റോഡ് വികസനത്തിൽ മൂവാറ്റുപുഴ നഗരസഭ പ്രദേശത്തെ റോഡ് ഭാഗങ്ങളെ ഒഴിവാക്കി. മൂവാറ്റുപുഴ ടൗണിലൂടെ പോകുന്ന പാതയിലെ ഈ ഭാഗത്തെ ഇടുങ്ങിയ പാലങ്ങള്‍ പുനർനിർമിക്കാനോ ജങ്ഷൻ വികസനം ഉറപ്പുവരുത്താനോ രൂപരേഖയിൽ നിര്‍ദേശങ്ങളില്ല.
ദേശീയപാത വികസിപ്പിക്കാൻ 1208 കോടി രൂപയാണ് അനുവദിച്ചത്. നേര്യമംഗലത്ത് പുതിയ പാലത്തിനും അനുമതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നെഹ്റു പാര്‍ക്ക് മുതൽ പെരുമറ്റം വരെ റോഡ് ഭാഗത്ത് സമഗ്ര നവീകരണം ഇല്ലാത്തത്. ഇവിടം ഉള്‍പ്പെടുന്ന കിഴുക്കാവിൽ, പെരുമറ്റം പാലങ്ങൾ വീതികൂട്ടി പുനർനിർമിച്ചാലേ സുഗമമായി വാഹനങ്ങള്‍ക്ക് കടന്നുപോകാനാകൂ. കീച്ചേരിപ്പടി ജങ്ഷൻ വികസനവും അനിവാര്യമാണ്.
വര്‍ഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണ് ഇരു പാലവും. കിഴുക്കാവിൽ തോടിന് കുറുകെ എവറസ്റ്റ് ജങ്ഷനിലെ പാലത്തിന് കലുങ്കിന്റെ സ്വഭാവമാണ്. വാണിജ്യ കേന്ദ്രത്തിലാണ് പാലമുള്ളത്. പാലം താഴ്ന്ന നിലയിൽ നിർമിച്ചതിനാല് വര്‍ഷാവര്‍ഷം വെള്ളപ്പൊക്ക ഭീഷണിയുണ്ട്. പാലം വെള്ളത്തിനടിയിലാകുന്നതോടെ ഇതുവഴിയുള്ള ഗതാഗതവും നിലക്കും. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കിൽ പാലം ആധുനികരീതിയിൽ പുനർനിർമിക്കണം. മൂന്നാറിലേക്കും കമ്പം, തേനി അടക്കമുള്ള തമിഴ്നാട് പ്രദേശങ്ങളിലേക്കും വാഹനങ്ങള്‍ പോകുന്നത് കീച്ചേരിപ്പടി ജങ്ഷനിലൂടെയാണ്. ഇവിടം ഒഴിവാക്കാൻ ബൈപാസുകളോ സമാന്തര സംവിധാനങ്ങളോ ഇല്ല.
ടൗണിലെ തിരക്ക് കുറക്കാൻ നിർമിച്ച ഇ.ഇ.സി മാര്‍ക്കറ്റ് റോഡ് സന്ധിക്കുന്നതും കീച്ചേരിപ്പടി ജങ്ഷനിലാണ്. നിരവധി വ്യാപര- വ്യവസായ സ്ഥാപനങ്ങൾ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നഗരസഭയുടെ പച്ചക്കറി-ഉണക്ക മത്സ്യ മാര്‍ക്കറ്റിന്റെ കവാടവുമാണ്. വാഹന ബാഹുല്യം നിമിത്തം രൂക്ഷമായ ഗതാഗതക്കുരുക്കാണിവിടെ. ദേശീയപാത വികസനത്തിന്റെ ഭാഗമായി കീച്ചേരിപ്പടി ജങ്ഷനും വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ ഭാഗത്ത് കൈയേറ്റങ്ങൾ ഒഴിവാക്കി ഭൂമി വീണ്ടെടുത്ത് ജങ്ഷൻ വികസിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
പെരുമറ്റത്തെ ഇടുങ്ങിയതും കാലപ്പഴക്കവുംചെന്ന പാലവും പുനർനിർമിക്കണം. ഏതാനും വർഷം മുമ്പ് കല്‍ക്കെട്ട് തകർന്നതിനെ തുടർന്ന് ദേശീയപാത അതോറിറ്റി അധികൃതർ പരിശോധന നടത്തിയിരുന്നു.
പാലത്തോട് ചേര്‍ന്ന പാര്‍ശ്വഭിത്തികള്‍ക്ക് കേടുപാടുകളുണ്ട്. റോഡ് വികസനത്തിന്റെ ഭാഗമായി ഈ പാലവും പുനർനിർമിക്കേണ്ടതുണ്ട്.
ഇതൊന്നും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ ഭാഗംകൂടി റോഡ് വികസനത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയർമാൻ പി.പി. എൽദോസ് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിനും ദേശീയപാത അതോറിറ്റി അധികൃതർക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.