മൂവാറ്റുപുഴ: ആവശ്യക്കാരില്ല, പൈനാപ്പിൾ തോട്ടത്തിൽകിടന്നു നശിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ കനത്തതോടെയാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലുമായി വിളവെടുക്കാൻ കഴിയാതെ 50,000 ടണ്ണിലേറെ പഴം തോട്ടത്തിൽതന്നെ നശിക്കുന്നത്. വാങ്ങാൻ ആളില്ലാതായതോടെ കോടികളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്.
മഴമൂലം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ പൈനാപ്പിളിന് ആവശ്യക്കാരില്ലാത്തതും ആഭ്യന്തര ഉപഭോഗത്തിൽ ഇടിവു വന്നതുമാണ് തിരിച്ചടിയായത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കയറിപ്പോകുന്ന എ ഗ്രേഡ് പച്ച പൈനാപ്പിൾ മാത്രമാണ് ഇപ്പോൾ വിൽപന നടക്കുന്നത്.
അതും വളരെ കുറച്ചു മാത്രമാണ് കയറിപ്പോകുന്നത്. എ ഗ്രേഡ് പച്ച പൈനാപ്പിളിനു ഇപ്പോഴും വില ലഭിക്കുന്നുണ്ടെങ്കിലും പഴുത്ത പൈനാപ്പിൾ വാങ്ങാൻ ആളില്ല. ഇതുമൂലം തോട്ടങ്ങളിൽനിന്ന് പഴുത്ത എ ഗ്രേഡ് പൈനാപ്പിൾ വിളവെടുക്കാൻ കർഷകർ തയാറാകുന്നില്ല. പൈനാപ്പിൾ വെറുതെ കൊടുക്കാൻ പോലും കർഷകർ സന്നദ്ധത അറിയിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ മാത്രം നിരവധി ടൺ പൈനാപ്പിളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിൽക്കാനാകാതെ നശിച്ചത്. കഴിഞ്ഞ ദിവസം ഒന്നര ടണ്ണോളം ചീയാറായ പഴം 900 രൂപ വാഹന വാടക നൽകി സൗജന്യമായി പശുഫാമിലെത്തിച്ച് നൽകിയതായി വ്യാപാരികൾ പറഞ്ഞു. കോവിഡ് കാലത്തുപോലും ഇത്രയേറെ പ്രതിസന്ധി ഉണ്ടായിട്ടില്ലന്ന് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബി പൊടിക്കാട്ടുകുന്നേൽ പറഞ്ഞു. അന്ന് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പൈനാപ്പിൾ ചലഞ്ചിലൂടെ ഇത് വിറ്റഴിച്ചിരുന്നു. എന്നാൽ, ഇത്തവണ ഇതിനും സാധിക്കുന്നില്ല. കഴിഞ്ഞ കോവിഡ് കാലത്ത് ബാധ്യത മൂലം രണ്ട് പൈനാപ്പിൾ കർഷകൻ ആത്മഹത്യ ചെയ്തിരുന്നു.
അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയും തുണയായില്ല
മൂവാറ്റുപുഴ: പൈനാപ്പിൾ കർഷകരെ സഹായിക്കാൻ കൊണ്ടുവന്ന വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയും കർഷകർക്ക് തുണയായില്ല. വില പിടിച്ച് നിർത്തുന്നതിനു പുറമെ ഉൽപന്നം ചീഞ്ഞു നശിക്കാൻ തടയിടാൻ പൈനാപ്പിൾ സംഭരിക്കണമെന്ന ആവശ്യവുമായി കർഷകർ അടക്കം അധികൃതരെ സമീപിച്ചെങ്കിലും കമ്പനി പൈനാപ്പിൾ സംഭരിച്ചില്ല. വിവിധ കാരണങ്ങളാൽ ഉൽപാദനം സ്തംഭിച്ച കമ്പനിയിലേക്ക് പൈനാപ്പിൾ സംഭരിക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.
എന്തുവിലയ്ക്കും ഉൽപന്നം നൽകാൻ കർഷകർ സന്നദ്ധരായിട്ടും സംഭരണത്തിന് കമ്പനി തയാറായിട്ടില്ല. സംസ്ഥാനത്ത് 4000 ഹെക്ടര്‍ സ്ഥലത്ത് പൈനാപ്പിള്‍ കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഈ മേഖലയിലെ ഒരുവര്‍ഷത്തെ വിറ്റുവരവുതന്നെ 1600 കോടിയോളം രൂപ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.