മൂവാറ്റുപുഴ: വഴിവിളക്കുകൾ തെളിയാതായതോടെ ഇരുട്ടില്‍ തപ്പി മൂവാറ്റുപുഴ നഗരം. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റൂട്ടില്‍ വെള്ളൂര്‍ക്കുന്നം മുതല്‍ വാഴപ്പിള്ളിവരെയുള്ള ഭാഗത്തെ വഴിവിളക്കുകള്‍ മിഴി തുറക്കാതായിട്ട് ആഴ്ചകളായി. കാല്‍നടക്കാര്‍ക്ക് എം.സി റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെയും സമീപത്തെ വ്യാപരസ്ഥാപനങ്ങളില്നിന്നുമുള്ള വെളിച്ചത്തെയും ആശ്രയിക്കേണ്ട അവസ്ഥയാണ്.
വെള്ളൂര്‍ക്കുന്നം മുതല്‍ വാഴപ്പിള്ളിവരെയുള്ള ഭാഗങ്ങളിലുള്ള 30ഓളം വഴിവിളക്കുകളില്‍ വിരലിലെണ്ണാവുന്നവ പോലും രാത്രി തെളിയുന്നില്ല. വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചമാണ് യാത്രക്കാരുടെ ഏക ആശ്രയമെങ്കിലും 10 മണിക്കുശേഷം സ്ഥാപനങ്ങള്‍ അടക്കുന്നതോടെ പ്രദേശം കൂരിരുട്ടിലാകും.
വാഴപ്പിള്ളി ജങ്ഷനിലെ ഹൈമാസ് ലൈറ്റുമാത്രമാണ് നിലവില്‍ പ്രദേശത്ത് പ്രവര്‍ത്തന ക്ഷമമായിട്ടുള്ളത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. നഗരസഭ അധികൃതര്‍ക്കാണ് വഴിവിളക്കുകളുടെ ചുമതല. എന്നാല്‍, അധികൃതര്‍ വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. നഗരസഭ കൗണ്‍സിലില്‍ വഴിവിളക്കുകള്‍ തെളിയുന്നില്ലന്ന പരാതി കൗൺസിലർമാർ ഉന്നയിച്ചു. വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് നഗരസഭ ചെയര്മാന് പറഞ്ഞിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. കാവുംപടി റോഡിലും ഏതാനും വഴിവിളക്കുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസ് സ്റ്റേഷന് സമീപത്തെ സ്ഥിതിയും വ്യത്യസ്തമല്ല. തിരക്കേറിയ റോഡില്‍ നഗരസഭയിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി വൈകുന്നതാണ് വഴിവിളക്കുകള്‍ പ്രവര്‍ത്തനരഹിതമാകാനുള്ള കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.