മൂവാറ്റുപുഴ: പോയാലി ടൂറിസം പദ്ധതിക്ക് പിന്നാലെ പായിപ്ര പഞ്ചായത്തിലെ പള്ളിച്ചിറങ്ങര ചിറ ടൂറിസം പദ്ധതിക്കും ജീവൻവെക്കുന്നു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എം.സി റോഡിന്‍റെ ഓരത്തെ പള്ളിച്ചിറങ്ങരയില്‍ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഏക്കറോളം സ്ഥലത്തെ പള്ളിച്ചിറങ്ങര ചിറ കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി ഒരുങ്ങുന്നത്.
ചിറക്ക് ചുറ്റും നടപ്പാത, പെഡല്‍ ബോട്ടിങ്, നീന്തല്‍ പരിശീലനം, റിവോള്‍വിങ് റസ്റ്റാറന്‍റ്, കുളിക്കടവുകള്‍ എന്നിവ നടപ്പാക്കും. 12 മാസവും വെള്ളം നിലനിര്‍ത്താന്‍ പെരിയാര്‍വാലിയുടെ തൃക്കളത്തൂര്‍ കനാലില്‍നിന്ന് ലിഫ്റ്റ് ഇറിഗേഷന്‍ വഴി ചിറയില്‍ വെള്ളമെത്തിക്കും.
ഇതിനായി തൃക്കളത്തൂര്‍ പാടശേഖരത്തില്‍ കിണര്‍ കുഴിച്ച് പൈപ്പ് വഴിയും വെള്ളം എത്തിക്കും. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വേനലിൽ ചിറയില്‍ വെള്ളം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ മാത്രമാണ് കഴിഞ്ഞത്. കിണര്‍ കുഴിച്ച് പമ്പ് സെറ്റ് സ്ഥാപിച്ച് ചിറയിലേക്ക് വെള്ളെമെത്തിക്കാനുള്ള പൈപ്പ് ലൈനും പൂര്‍ത്തിയാക്കി.
എന്നാല്‍, ഇതുവരെ ചിറയിലേക്ക് വെള്ളമെത്തിയില്ല. വേനല്‍ക്കാലത്ത് ചിറയില്‍ ജലനിരപ്പ് നിലനിർത്തിയാല്‍ ശബരിമല സീസണില്‍ തീര്‍ഥാടകര്‍ക്ക് കുളിക്കാനും മറ്റും ചിറയെ ഉപയോഗിക്കാനാകും. കൂടാതെ തൃക്കളത്തൂര്‍ ഭാഗത്തെ ശുദ്ധജല ക്ഷാമത്തിനും പരിഹാരമാകും. കാര്‍ഷിക മേഖലക്കും ഗുണകരമാകുമായിരുന്നു.
ഒരു പതിറ്റാണ്ട് മുമ്പ് കെ.എച്ച്. സിദ്ദീഖ് പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ പള്ളിച്ചിറങ്ങര ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നടപ്പായില്ല. മാറിമാറി വരുന്ന ഭരണസമിതികള്‍ നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. എം.സി റോഡിലൂടെ പോകുന്ന വാഹനങ്ങളില്‍നിന്നടക്കം മാലിന്യം പള്ളിച്ചിറയിലേക്കാണ് വലിച്ചെറിയുന്നത്.
ഇത് തടയാനായി ഇതുവരെ നടപടിയുണ്ടായിട്ടില്ല. ചിറ ഇല്ലാതാകുമെന്ന അവസ്ഥയിലാണ് എത്തിയതോടെയാണ് ടൂറിസം പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. ഇതിന്‍റെ പദ്ധതി നിർദേശം തയാറാക്കി ടൂറിസം വകുപ്പിന് സമര്‍പ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.