മൂവാറ്റുപുഴ: കോവിഡ് വ്യാപനം രൂക്ഷമായി വിപണി അടച്ചുപൂട്ടലിൽ എത്തിയതോടെ പൈനാപ്പിൾ വില ഇടിഞ്ഞു. റമദാെൻറ തുടക്കത്തിൽ 50 രൂപ വരെ കുതിച്ചുയർന്ന വില കഴിഞ്ഞദിവസങ്ങളിൽ ഇടിഞ്ഞ് 18 രൂപ വരെ എത്തി.
പ്രധാന വിപണികളുടെ അടച്ചുപൂട്ടലും നിയന്ത്രണങ്ങളുമാണ് വിലത്തകർച്ചക്ക് കാരണം. ഇതിനു പുറമെ തൊഴിലാളിക്ഷാമം കൂടിയായതോടെ പൈനാപ്പിൾ കർഷകർ കടുത്ത ആശങ്കയിലാണ്.
വിലയും വിൽപനയും കുറയുന്നത് പല കർഷകരെയും പൈനാപ്പിൾ വിളവെടുക്കാതെ തോട്ടത്തിൽതന്നെ ഉപേക്ഷിക്കാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്. നിലവിൽ പൈനാപ്പിൾ വാങ്ങാൻ വാഴക്കുളം മാർക്കറ്റിൽ വ്യാപാരികൾ എത്തുന്നില്ല. ലോക്ഡൗൺകൂടി പ്രഖ്യാപിച്ചതോടെ നില കൂടുതൽ വഷളാകുന്ന സാഹചര്യമാണ്.
വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽനിന്ന് നിത്യേന 150 മുതൽ 200 ലോഡ് വരെ കയറ്റിയയച്ചിരുന്നു.
എന്നാൽ, കോവിഡിെൻറ രണ്ടാം വ്യാപനം രൂക്ഷമായതോടെ ഇത് ശരാശരി 50 ലോഡ് മാത്രമായി കുറഞ്ഞു. തുടർച്ചയായ രണ്ടാം വർഷമാണ് കോവിഡ് മൂലം ഈ മേഖലക്ക് സീസൺ നഷ്ടമാകുന്നത്.
ഇതിനിടെ, അന്തർസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും പ്രശ്നമായിട്ടുണ്ട്. തൊഴിലാളികൾ ഇല്ലാതായതുമൂലം വിളവെടുക്കാൻ കഴിയാതെ പൈനാപ്പിൾ തോട്ടങ്ങളിൽ തന്നെ വീണ് ചീഞ്ഞുപോകുമോ എന്ന ആശങ്കയിലാണ് പൈനാപ്പിൾ കർഷകർ. കോവിഡിെൻറ ആദ്യ വരവിൽ പൈനാപ്പിൾ തോട്ടങ്ങളിൽ വിളവെടുക്കാതെ നശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.