പോ​യാ​ലി മ​ല​യി​ൽ സ​ർ​വേ ന​ട​പ​ടി തു​ട​ങ്ങി​യ​പ്പോ​ൾ 

ചിറകുമുളച്ച് പോയാലി മല ടൂറിസം പദ്ധതി

മൂവാറ്റുപുഴ: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ പോയാലി മല ടൂറിസം പദ്ധതിക്ക് ജീവൻ വെക്കുന്നു. പ്രകൃതിരമണീയമായ പോയാലി മലയില്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സ്ഥലം അളക്കാൻ ആരംഭിച്ചു. സർവേയർമാരായ അനിൽകുമാർ, രതീഷ് വി. പ്രഭു എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചിരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, പഞ്ചായത്ത് അംഗങ്ങളായ ഇ.എം. ഷാജി, റജീന ഷിഹാജ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഫെബ്രുവരിയിൽ സർവേസംഘം സ്ഥലം സന്ദർശിച്ചെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ സർവേക്ക് തുടക്കമായത്.

പോയാലി മല ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പദ്ധതി നടപ്പാക്കായിട്ടില്ലെങ്കിലും നൂറുകണക്കിനാളുകളാണ് അവധി ദിവസങ്ങളിലടക്കം ഇവിടെ എത്തുന്നത്. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലള്ള 18 ഏക്കറോളം സ്ഥലത്താണ് പോയാലി മല സ്ഥിതി ചെയ്യുന്നത്.

സ്ഥലം അളന്ന് തിട്ടപ്പെടുത്തിയാലേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി നേരത്തേ റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേതുടർന്നാണ് സർവേ നടപടിയാരംഭിച്ചത്. പ്രാധാന്യമില്ലാത്ത പല സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടും അവികസിത മേഖലയായ പായിപ്ര പഞ്ചായത്തിലെ പോയാലിമല ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ടൂറിസം വകുപ്പ് തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.

കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന മലമുകളിലെ വറ്റാത്ത കിണറാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ടെങ്കിലും മലമുകളിലെത്തുന്നതിന് സൗകര്യം പരിമിതമാണ്. പലരും സാഹസികമായി കല്ലുകളില്‍നിന്ന് പാറകളിലേക്ക് ചാടിയാണ് മലമുകളില്‍ എത്തിപ്പെടുന്നത്.

മൂവാറ്റുപുഴ നഗരത്തില്‍നിന്ന് ആറുകിലോമീറ്റര്‍ മാത്രം അകലമുള്ള മല പായിപ്ര പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലൂടെയാണ് കടന്നുപോകുന്നത്. സമുദ്രനിരപ്പില്‍നിന്ന് 500 അടിയോളം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം പാറക്കെട്ടുകളും മൊട്ടക്കുന്നുകളും നിറഞ്ഞ് അനുഗൃഹീതമാണ്.

സദാസമയവും വീശിയടിക്കുന്ന ഇളംകാറ്റും കൂട്ടിനുണ്ട്. ഐതിഹ്യം ഏറെയുള്ള മലക്കിണറും കാൽപാദങ്ങളും കൗതുകമുണർത്തുന്നതാണ്. മലയിലേക്കെത്താന്‍ നിരവധി വഴികളുണ്ടായിരുന്നെങ്കിലും ഇപ്പോഴിതെല്ലാം പലരും കൈയേറി. മലയുടെ താഴ്ഭാഗം മുഴുവന്‍ സ്വകാര്യ വ്യക്തികളുടെ കൈവശവുമായി. മലയുടെ മറുഭാഗത്തെ മനോഹരകാഴ്ചയായിരുന്ന വെള്ളച്ചാട്ടം കരിങ്കല്‍ ഖനനം മൂലം അപ്രത്യക്ഷമായി.

മുളവൂര്‍ തോടിന്റെ കൈവഴിയായി ഒഴുകിയെത്തിയിരുന്ന കല്‍ചിറത്തോട്ടിലെ നീന്തല്‍ പരിശീലന കേന്ദ്രവും കാണാനില്ല. പോയാലി ടൂറിസം പദ്ധതിയുടെ ഭാഗമായി മലയില്‍ എളുപ്പത്തില്‍ എത്തുംവിധം റോഡ് ഉണ്ടാക്കുക, റോപ്വേ സ്ഥാപിക്കുക, മലമുകളിലെ വ്യൂ പോയന്റുകളില്‍ അടിസ്ഥാനം സൗകര്യമൊരുക്കുക, വിശ്രമ കേന്ദ്രങ്ങള്‍ നിർമിക്കുക, മലമുകളിലെ കിണറും കാല്‍പാദവും വെള്ളച്ചാട്ടവും കല്‍ചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങള്‍ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നേരത്തെ പഞ്ചായത്ത് അംഗങ്ങളായിരുന്ന കെ.എച്ച്. സിദ്ദീഖും പി.എ. കബീറും ടൂറിസം മന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിരുന്നു.

പദ്ധതി നടപ്പായാൽ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി ഇവിടം മാറും. നിരവധി പേര്‍ക്ക് തൊഴിലും നാടിന്റെ അവശേഷിക്കുന്ന തനത് പൈതൃകവും ചരിത്രവും നിലനിര്‍ത്താനും കഴിയും. മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് ഇടത്താവളമായും പോയാലി മല മാറും. 

Tags:    
News Summary - poyali hill tourism project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.