മൂവാറ്റുപുഴ: പോയാലി ടൂറിസം പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പ് 50 സെന്റ് ടൂറിസം വകുപ്പിന് കൈമാറി കലക്ടർ ഉത്തരവായി. മുൻ ജില്ല പഞ്ചായത്ത് മെംബർ എൻ. അരുൺ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ റിയാസ്ഖാൻ, വാർഡ് മെംബർ റജീന ഷിഹാജ് എന്നിവർ റവന്യൂ മന്ത്രി കെ. രാജനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും നിവേദനം നൽകിയതിനെ തുടർന്നാണ് സ്ഥലം ടൂറിസം വകുപ്പിന് വിട്ടുനൽകാൻ തീരുമാനമായത്.
പായിപ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ റവന്യൂ, പാറ പുറമ്പോക്ക് ഭൂമിയായ 12 ഏക്കർ 94 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പോയാലിമല സമുദ്രനിരപ്പിൽനിന്ന് 600 അടി ഉയരത്തിൽ ചെങ്കുത്തായ പാറകൾ ഉൾക്കൊള്ളുന്ന പ്രദേശമാണന്നും ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്തതും ധാരാളം വിനോദസഞ്ചാരികൾ സന്ദർശിക്കുന്നതും വിനോദസഞ്ചാരത്തിന് അനുയോജ്യമാണെന്നും മൂവാറ്റുപുഴ തഹസിൽദാർ റിപ്പോർട്ട് നൽകിയതോടെയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറുന്നത്.
പോയാലിമല ടൂറിസം പദ്ധതിക്ക് നൽകുന്ന 50 സെന്റ് സ്ഥലത്ത് ടൂറിസം പദ്ധതി മാത്രമേ നടപ്പാക്കാവൂവെന്നും പ്രകൃതിയുടെ സ്വാഭാവികത നിലനിർത്തേണ്ടതും സ്ഥിര നിർമാണപ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നും ഭാവിയിൽ റവന്യൂ വകുപ്പിന് ഭൂമി ആവശ്യം വരുന്നപക്ഷം തിരികെ നൽകേണ്ടതാണെന്നും നിബന്ധനകൾ ലംഘിച്ചാൽ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. മലയുടെ സൗന്ദര്യം ആസ്വദിക്കാൻ നൂറുകണക്കിനാളുകളാണ് എത്തുന്നത്. എല്ലാ സാധ്യതകളും ഒത്തിണങ്ങിയ പോയാലി മലയെ വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന ആവശ്യത്തിന് രണ്ടുപതിറാണ്ടിലേറെ പഴക്കമുണ്ട്.
നൂറേക്കറിൽ വ്യാപിച്ചുകിടക്കുന്ന മലയിൽ ഏതുസമയവും ഇളംകാറ്റുമുണ്ട്. ഐതിഹ്യങ്ങള്‍ ഏറെയുള്ള മലമുകളിലുള്ള കിണറും കാൽപാദങ്ങളും പുറമെനിന്ന് എത്തുന്നവരും നാട്ടുകാരും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പോയാലിമല ടൂറിസം പദ്ധതിക്ക് ഫണ്ട് വകയിരുത്തിയിരുന്നു. പോയാലി ടൂറിസം പദ്ധതിയുടെ ഭാഗമായി മലയിൽ എളുപ്പത്തില്‍ എത്താവുന്ന രൂപത്തിൽ റോഡ്, റോപ് വേ, മലമുകളിലെ വ്യൂ പോയന്റുകളിൽ കാഴ്ചസൗകര്യങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, മലമുകളിലെ അത്ഭുത കിണറും കാൽപാദവും വെള്ളച്ചാട്ടവും കൽച്ചിറകളും സംരക്ഷിക്കൽ, ഉദ്യാനങ്ങൾ എന്നിവ നടപ്പാക്കിയാൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി പോയാലി മല മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.