മൂവാറ്റുപുഴ: ബലൂണ്‍ ആര്‍ട്ടില്‍ വര്‍ണവിസ്മയം തീര്‍ക്കുകയാണ് മാസ്റ്റര്‍ റൈഹാൻ. റൈഹാെൻറ കരവിരുതിൽ വിവിധ രൂപങ്ങള്‍ പിറന്നപ്പോള്‍ പായിപ്ര ഗവ. യു.പി സ്കൂളിലെ കൊച്ചുകൂട്ടുകാരിൽ നിറഞ്ഞത് വിസ്മയവും ആഹ്ലാദവും. അവധിക്കാലം ആഹ്ലാദഭരിതമാക്കാന്‍ സ്കൂളില്‍ ആരംഭിച്ച 'കളിയൂഞ്ഞാല്‍' അവധിക്കാല ക്യാമ്പിെൻറ ഭാഗമായാണ് ബലൂണ്‍ ആര്‍ട്ടില്‍ തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുട്ടികള്‍ക്ക് ഈസ്റ്റ് മാറാടി ഹോളി ഫാമിലി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ റൈഹാന്‍ പരിശീലനം നല്‍കിയത്. ബലൂണ്‍ ഉപയോഗിച്ചു വിവിധ രൂപങ്ങളും റൗണ്ട് ബലൂണില്‍ പക്ഷികളും മൃഗങ്ങളും ചെടിയും പൂവുമെല്ലാം നിര്‍മിച്ചു.
ഷിജിന പ്രീതിെൻറ നേതൃത്വത്തില്‍ നടത്തിയ ബലൂണ്‍ ആര്‍ട്ട് കോഴ്‌സില്‍ ചേര്‍ന്നാണ് റൈഹാന്‍ പഠിച്ചത്. മൊബൈല്‍ ഫോണില്‍ സദാ സമയവും ചെലവഴിച്ചിരുന്ന മകനെ കുറച്ചുസമയമെങ്കിലും അതില്‍നിന്ന് മാറ്റാന്‍ വേണ്ടിയാണ് ഇത്തരമൊരു കോഴ്‌സിന് ചേര്‍ത്തതെന്ന് പിതാവും ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്കൂള്‍ അധ്യാപകനുമായ സമീര്‍ സിദ്ദീഖി പറഞ്ഞു. ദി കേക്ക് ഗേള്‍ എന്ന ഹോം ബേക്കിങ് സ്ഥാപന ഉടമകൂടിയായ മാതാവ് തസ്‌നിം സമീറും റൈഹാന് പ്രചോദനമായി ഒപ്പമുണ്ട്.
റൈഹാൻ ടെക്ക് ആന്‍ഡ് വ്ലോഗ്‌സ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനലുമുണ്ട്. ബലൂണ്‍കൊണ്ട് വിവിധ രൂപങ്ങള്‍ തയാറാക്കി അലങ്കരിക്കാന്‍ പോകാറുണ്ട്. ഇതിലൂടെ ചെറിയൊരു വരുമാനവും ലഭിക്കുന്നുണ്ട് ഈ കൊച്ചുമിടുക്കന്. ഈ അവധിക്കാലത്ത് നിരവധി സ്കൂളുകളിലും അംഗൻവാടികളിലും ബി.ആര്‍.സികളിലും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഓണ്‍ലൈന്‍ ആയും ഓഫ് ലൈനായും ക്ലാസുകള്‍ എടുത്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.