മൂവാറ്റുപുഴ: നൂറുകണക്കിന് വാഹനങ്ങള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ കടന്ന് പോകുന്ന മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എം.സി റോഡില്‍ വാഹാപകടങ്ങളും മരണങ്ങളും പെരുകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി അപകടങ്ങളും മരണവുമാണ് പേഴക്കാപ്പിള്ളി മുതൽ മണ്ണൂർവരെ ഭാഗങ്ങളിൽ നടന്നത്. മൂന്ന് ദിവസം മുമ്പ് വഴി യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ച മധ്യവയസ്കന് ലോറിക്ക് അടിയിൽപെട്ട് ദാരുണമായി മരിച്ചതാണ് ഒടുവിലത്തെ സംഭവം.
അപകടം വര്‍ധിച്ചിട്ടും സുരക്ഷാ സംവിധാനം ഒരുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകുന്നില്ല. തൃക്കളത്തൂർ മുതൽ പേഴക്കാപ്പിള്ളി പള്ളിപ്പടിവരെ എം.സി റോഡ് ഭാഗങ്ങളിൽ അപകടങ്ങളേറിയിട്ട് നാളുകളായി. പൊലീസും മോട്ടോർ വാഹന വകുപ്പും തുടരുന്ന നിസ്സംഗതക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പേഴക്കാപ്പിള്ളി കവലയിൽ അടക്കം റോഡിനിരുവശവുമുള്ള അനധികൃത പാർക്കിങ്ങും വ്യാപാര സ്ഥാപനങ്ങളുടെ അനധികൃത കൈയേറ്റങ്ങളും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിന് പുറമേ അശ്രദ്ധ ഡ്രൈവിങ്ങും ഇവിടം വാഹനാപകടങ്ങളുടെ കേന്ദ്രമാക്കുന്നുണ്ട്.
തൃക്കളത്തൂർ സൊസെറ്റിപ്പടി, സംഗമംപടി, പേഴക്കാപ്പിള്ളി, സബൈൻ ജങ്ഷന്, പള്ളിപ്പടി എന്നിവിടങ്ങളിലെല്ലാം സമീപകാലങ്ങളിൽ നിരവധി അപകടങ്ങളാണുണ്ടായത്. നിരവധി വിദ്യാലയങ്ങൾ ഈ മേഖലകളിലുണ്ട്. നിലവിൽ ഹെൽമറ്റ് വേട്ടക്കാണ് പൊലീസും മോട്ടോർ വാഹന വകുപ്പും സമയം കണ്ടെത്തുന്നത്. അപകടങ്ങൾ കുറക്കാൻ ട്രാഫിക് സിഗ്നലുകളും അപകട സൂചന ബോർഡുകളും സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല.
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി മേഖലയിൽ അപകടങ്ങൾ കുറക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. വേഗം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും അപകടങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ജനപ്രതിനിധികളുമായി യോജിച്ച് കർമ പദ്ധതി തയാറാക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.