മൂവാറ്റുപുഴ: ഷീ ലോഡ്ജ് നിർമാണം പൂർത്തിയായിട്ടും ഏറ്റെടുക്കാൻ ആളില്ലാതെ വെറുതെ കിടക്കുന്നു. നഗരസഭയിലെ കഴിഞ്ഞ കൗൺസിലിന്റ അവസാന കാലത്ത് കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഷീ ലോഡ്ജ് പുതിയ കൗൺസിൽ അധികാരത്തിലെത്തി മൂന്നാം വർഷത്തിലാണ് പണി പൂർത്തിയാക്കിയത്. നഗരത്തിലെത്തുന്ന സ്ത്രീകൾക്കായി കൊണ്ടുവന്ന പദ്ധതിക്കാണ് ദുർഗതി.
കഴിഞ്ഞ നഗരസഭ ഭരണസമിതിയാണ് ഷീ ലോഡ്ജ്, കുടുംബശ്രീ സിറ്റി ബസ് സർവിസ് എന്നിവ പ്രഖ്യാപിച്ചത്. ഷീ ലോഡ്ജ് നിർമാണം പൂർത്തിയാക്കാതെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഉദ്ഘാടനം നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് കൗൺസിൽ പണിപൂർത്തിയാക്കി തുറന്നുനൽകാൻ തയാറായിരുന്നില്ല. വിവിധ സംഘടനകളും പ്രതിപക്ഷവും നടത്തിയ സമരങ്ങളെ തുടർന്ന് മൂന്നുമാസം മുമ്പാണ് വെള്ളവും വെളിച്ചവും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയത്. എന്നാൽ, നടത്തിപ്പ് ചുമതല വഹിക്കാൻ ആളില്ലാത്തതുമൂലം ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ ചില കൗൺസിലർമാർ ഏറ്റെടുക്കാൻ നീക്കം നടത്തിയെങ്കിലും തീരുമാനമായില്ല.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിർമിച്ചത്. രാത്രി നഗരത്തിൽ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത തമാസം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
മൂവാറ്റുപുഴ ടൗണിലെ വിവിധ ഭാഗങ്ങളിലും സിവിൽ സ്റ്റേഷനിലേക്കും സർവിസ് നടത്താൻ കുടുംബശ്രീ നേതൃത്വത്തിൽ സിറ്റി ബസ് സർവിസ് ആരംഭിക്കുമെന്ന പ്രഖ്യാപനവും കടലാസിൽ ഒതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.