മൂവാറ്റുപുഴ: വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിനു സമീപമുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ അച്ഛനെയും മകനെയും വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് പൂപ്പള്ളിക്കുടിയിൽ സിൽജോ മൈക്കിൾ (52), മകൻ ഡിക്സൻ സില്‍ജോ (24) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിന് സമീപം ഡിക്സൻ സുഹൃത്ത് അടക്കമുള്ള നാലംഗ സംഘവുമായി വാക്തർക്കത്തിൽ ഏർപ്പെടുകയും ഇത് വഴക്കിൽ കലാശിക്കുകയും ചെയ്തു. പിന്നീട് ഇയാൾ വീട്ടിൽ പോയി പിതാവ് സിൽജോയുമായി തിരിച്ചെത്തി. തുടർന്ന് സില്‍ജോ കത്തിയെടുത്ത് മകന് നൽകിയതോടെ ഇയാൾ സുഹൃത്ത് അടക്കമുള്ള നാലംഗ സംഘത്തെ ആക്രമിക്കുകയായിരുന്നു.
ഇടുപ്പിന് താഴെ കുത്തേറ്റ വാഴക്കുളം സ്വദേശി ടോണിയെ (30) നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നാട്ടുകാർ അച്ഛനെയും മകനെയും തടഞ്ഞുവെച്ച് കൈകാര്യം ചെയ്തശേഷം പൊലീസിന് കൈമാറുകയായിരുന്നു. കത്തി നൽകി കുത്താൻ പറഞ്ഞത് ഡിക്സന്റെ പിതാവ് സിൽജോയാണെന്ന് കണ്ടുനിന്നവർ പറഞ്ഞു.
പിടിയിലായ ഡിക്സൻ സ്ഥിരം കുറ്റവാളിയാണെന്നാണ് സൂചന. ഇയാളുടെ പേരിൽ വാഴക്കുളം, മൂവാറ്റുപുഴ, പോത്താനിക്കാട് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നാണ് അറിവ്.
വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇരുവരുടെയും പേരിൽ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.