മൂവാറ്റുപുഴ: വിവാദങ്ങൾക്കിടെ മൂവാറ്റുപുഴ കടാതി-കാരക്കുന്നം ബൈപാസിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റോഡിനായി നിശ്ചയിച്ച പുതിയ അലൈൻമെന്റിൽ അതിർത്തി നിശ്ചയിച്ച് കല്ലിടുന്ന ജോലികൾക്കാണ് വ്യാഴാഴ്ച രാവിലെ തുടക്കമായത്. കല്ലിട്ടു തിരിക്കുന്ന ജോലികൾ അതിവേഗമാണ് പൂർത്തിയാകുന്നത്. മാർച്ചിൽ റോഡ് നിർമാണം ആരംഭിക്കാനാണ് തീരുമാനം.
ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി റോഡ് തുറന്നുനൽകും. മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കെ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്. 30 വർഷം മുമ്പുള്ള അലൈൻമെന്റ് അനുസരിച്ച് റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ രംഗത്തിറങ്ങിയത്. ബൈപാസ് റോഡിനായി നിശ്ചയിച്ച പഴയ അലൈൻമെന്റും പുതിയ അലൈൻമെന്റും സംയോജിപ്പിച്ചാണു പുതിയ അനുമതി നൽകിയിരിക്കുന്നത്.
എന്നാൽ, ചില വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കാൻ പഴയ അലൈൻമെന്റിൽ മാറ്റംവരുത്തിയെന്നാണ് ആരോപണം. 1995ൽ പ്രഖ്യാപിച്ച കടാതി-കാരക്കുന്നം ബൈപാസ് റോഡിന് അന്ന് അലൈൻമെന്റ് തയാറാക്കി കല്ലിട്ടെങ്കിലും തുടർ നടപടി ഉണ്ടായിരുന്നില്ല. ഒടുവിൽ നിർമാണ പ്രവർത്തനങ്ങളുടെ പകുതി തുക സംസ്ഥാന സർക്കാർ വഹിക്കണമെന്ന നിർദേശത്തിൽ തട്ടി നിന്ന പദ്ധതി ഡീൻ കുര്യാക്കോസ് എം.പിയുടെ തുടർച്ചയായ ഇടപെടലിനെ തുടർന്ന് റോഡിനു വേണ്ടിയുള്ള തുക പൂർണമായും കേന്ദ്ര സർക്കാർ ചെലവഴിക്കാൻ തയാറായതോടെയാണ് വീണ്ടും ജീവൻ വെച്ചത്. 760 കോടി രൂപയാണ് അനുവദിച്ചത്.
അലൈൻമെന്റിൽ മാറ്റം വരുത്തിയതോടെ കൂടുതൽ പാടശേഖരങ്ങളും തണ്ണീർത്തടങ്ങളും നികത്തേണ്ടി വരുമെന്നും കുന്നുകൾ ഇടിച്ചുനിരത്തേണ്ടി വരുമെന്നും നാട്ടുകാർ വാദിക്കുന്നു. എന്നാൽ, പുതിയ അലൈൻമെന്റിൽ കൂടുതൽ വീടുകളും മറ്റും നഷ്ടപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.