ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ൽ ഒ​ന്ന്

കണ്ണടച്ചിരിപ്പാണ് നിരീക്ഷണ കാമറകൾ

മൂവാറ്റുപുഴ: നഗരത്തിലുണ്ടാകുന്ന കുറ്റകൃത്യങ്ങളും അപകടങ്ങളുമടക്കം തടയാൻ സ്ഥാപിച്ച നിരീക്ഷണ കാമറകൾ നിശ്ചലമായി. ലക്ഷങ്ങൾ ചെലവഴിച്ച് നഗരസഭ സ്ഥാപിച്ചവയാണ് നോക്കുകുത്തികളായത്. പത്തോളം കേന്ദ്രങ്ങളിലാണ് സ്ഥാപിച്ചത്.

നഗരത്തിൽ ഉണ്ടാകുന്ന അപകടങ്ങൾക്കു പുറമെ മാലിന്യം തള്ളുന്നതും വർധിച്ചതോടെ പൊലീസി‍െൻറയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും സമ്മർദത്തെ തുടർന്നാണ് സ്ഥാപിച്ചത്. കച്ചേരിത്താഴം, വെള്ളൂർക്കുന്നം, വാഴപ്പള്ളി, കീച്ചേരിപ്പടി, നെഹ്റു പാർക്ക്, സ്റ്റേഡിയം, ആശ്രമം ബസ്സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണിവ. പൊലീസ്സ്റ്റേഷനിൽ കൺട്രോൾ യൂനിറ്റും സ്ഥാപിച്ചു.

എന്നാൽ, ദിവസങ്ങൾക്കുള്ളിൽതന്നെ തകരാറിലായി. പിന്നീട് ഇവ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കിയെങ്കിലും പ്രയോജനപ്പെട്ടില്ല.

കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാറിലെ യാത്രക്കാർ കടന്നുകളഞ്ഞ സംഭവത്തിൽ നിരീക്ഷണ കാമറകൾ പരിശോധിച്ച് ദൃശ്യങ്ങൾ ശേഖരിക്കണമെന്ന ആവശ്യം ഉയർന്നപ്പോഴാണ് ഇവ പ്രവർത്തിക്കുന്നില്ലെന്ന് നഗരവാസികൾ അറിയുന്നത്. വൈഫൈ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കാമറകളാണ് ആദ്യം സ്ഥാപിച്ചത്.

ഇത് ഒരുവർഷത്തേക്കാണ് ചാർജ് ചെയ്തിരുന്നത്. പിന്നീട് വൈഫൈ ലഭ്യമാക്കാൻ നടപടി ഉണ്ടാകാത്തതാണ് നിശ്ചലമാകാൻ കാരണം. ഇതിനിടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വിവിധ കേന്ദ്രങ്ങളിൽ 50 കാമറ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമുണ്ടായി. വ്യാപാരികളുമായി സഹകരിച്ച് കൂടുതൽ കാമറ സ്ഥാപിക്കുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവിയും പറഞ്ഞിരുന്നു.

ഒന്നും നടന്നില്ല. നഗരത്തിൽ അപകടങ്ങളും കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ കാമറകൾ പ്രവത്തനസജ്ജമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 

Tags:    
News Summary - Surveillance cameras are blinders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.