മൂവാറ്റുപുഴ: പുഴയോരം ടൂറിസം പദ്ധതിയുടെ ഭാഗമായി നഗരസഭ നിർമിക്കുന്ന തൂക്കുപാലത്തിന്റ സർവേ നടപടിക്ക് തുടക്കമായി. തൊടുപുഴ ആറിന് കുറുകെ നഗരസഭ ഡ്രീംലാൻഡ് പാർക്കിനെയും 16ാം വാർഡിലെ പേട്ട മണ്ണാൻ കടവിനെയും ബന്ധിപ്പിച്ചു നിർമിക്കുന്ന തൂക്കുപാലത്തിന്റ സർവേ നടപടിക്കാണ് തുടക്കമായത്. താലൂക്ക് സർവേയറുടെ നേതൃത്വത്തിലുള്ള സംഘത്തിന് പുറമെ നഗരസഭ എൻജിനീയറിങ് വിഭാഗവും സർവേ നടപടികളിൽ പങ്കെടുക്കുന്നുണ്ട്.
ത്രിവേണി സംഗമത്തിലെ കാവുംപടിയിൽനിന്ന് ആരംഭിച്ച് ലതാപാലത്തിനു സമീപം അവസാനിക്കുന്ന പുഴയോര നടപ്പാത മണ്ണാൻകടവുവരെ നീട്ടുന്നതിനുപുറമെ കച്ചേരിത്താഴത്തുനിന്ന് ത്രിവേണി സംഗമം വരെയും നടപ്പാത നിർമിക്കാനും പദ്ധതിയുണ്ട്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൂവാറ്റുപുഴ ഡ്രീംലാൻഡ് പാർക്കും നെഹ്റു പാർക്കിലെ ചിൽഡ്രൻസ് പാർക്കും ബന്ധിപ്പിച്ചുള്ള ടൂറിസം സാധ്യതകളാണ് നഗരസഭ ലക്ഷ്യംവെക്കുന്നത്. നഗരത്തിന്റെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് സംസ്ഥാന സർക്കാറിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി.
നഗര ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഡ്രീംലാൻഡ് പാർക്ക് രണ്ടായി തിരിച്ച് ഒരുഭാഗത്ത് വിനോദസഞ്ചാരികൾക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള പാർപ്പിട സമുച്ചയങ്ങളും മറുഭാഗത്ത് പുഴയോടുചേർന്ന് കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുംവിധം പുതിയ റെയ്ഡുകൾ, ബോട്ടിങ്, കയാക്കിങ്, ഗ്ലാസ് പാലം, സീപ്ലെയിൻ എന്നിവയും നിർമിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഡ്രീം ലാൻഡ് പാർക്കിൽനിന്ന് പുഴയിലേക്ക് ഇറങ്ങുന്നതിന് ജെട്ടിയും നിർമിക്കും.
പദ്ധതിയുടെ പൂർത്തീകരണത്തിനായി 20 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് ടൂറിസംവകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം രണ്ടുമാസം മുമ്പ് സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കര്‍, പ്രോജക്ട് എൻജിനീയര്‍ അരുണ്‍ ജോസ് എന്നിവരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.