മൂവാറ്റുപുഴ: മഴ ആരംഭിച്ചതോടെ ടൗണിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ റോഡ് തകർന്നു. നഗരറോഡ് വികസന പ്രവൃത്തി നടക്കുന്ന രണ്ട് കിലോമീറ്റർ ദൂരത്തിലാണ് റോഡ് പൂർണമായി തകർന്നത്. ഇതോടെ ഇതുവഴി യാത്ര ദുസ്സഹമായി. അപകടങ്ങൾ പെരുകുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തു. പി.ഒ ജങ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെയുള്ള എം.സി റോഡ് ഭാഗത്താണ് റോഡ് തകർന്നത്.
നഗര റോഡ് വികസനം ഏതാണ്ട് നിലച്ച മട്ടാണ്. നാലുമാസമായി നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. വികസന പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിനെ തുടർന്നു നഗരവാസികളുടെ ദുരിതം ദിനംപ്രതി വർധിക്കുന്നതിനിടെയാണ് നഗരറോഡിൽ കുഴികൾ നിറഞ്ഞ് ഗതാഗതം ദുസ്സഹമായത്. രണ്ട് കിലോമീറ്റർ ദൂരം വരുന്ന നഗര ഭാഗം കടക്കാൻ വാഹനങ്ങൾക്ക് അരമണിക്കൂർ സമയം വേണം.
രാത്രികാലങ്ങളിൽ കുഴികളിൽ വീണ് അപകടത്തിൽ പെടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. കഴിഞ്ഞ രാത്രി മാത്രം മൂന്ന് അപകടങ്ങളാണ് ഇങ്ങനെയുണ്ടായത്. നിർമാണ പ്രവൃത്തികളുടെ ഭാഗമായി റോഡരികിൽ ചേമ്പറുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. തകർന്ന റോഡിലെ കുഴികൾ അടച്ചാൽ ഗതാഗത കുരുക്കിന് ഒരു പരിധി വരെ ശമനമാകും.
കാക്കനാട്: ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിൽ അപകടക്കെണിയായി സീപോർട്ട് എയർപോർട്ട്-പടമുകൾ ലിങ്ക് റോഡ്. സീപോർട്ട് റോഡിലെ കലക്ടറേറ്റ് സിഗ്നൽ ജങ്ഷനിൽനിന്ന് പടമുകൾ കുന്നുംപുറം ജങ്ഷനില്‍ എത്തിച്ചേരുക വഴി ഇൻഫോപാർക്കിലെ വിവിധ ഇടങ്ങളിലേക്ക് പോകുന്ന പ്രധാന റോഡുകളിൽ ഒന്നാണ് കലക്ടറേറ്റ് ലിങ്ക് റോഡ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ റോഡിന്റെ ഒരുഭാഗം വിള്ളൽ സംഭവിച്ചിരുന്നു.
50 മീറ്ററോളം നീളത്തിലാണ് വിള്ളൽ. എന്നാൽ, ഓരോ ദിവസവും പിന്നിടുമ്പോഴും യാത്രക്കാരുടെ പേടിസ്വപ്നമായി റോഡ് മാറുകയാണ്. നടപ്പാതയുടെ ഭാഗത്തെ വിള്ളലിന്റെ വ്യാപ്തി കൂടി. നടപ്പാതയിലെ കോൺക്രീറ്റിന്റെ അടിഭാഗത്തുനിന്ന് മണ്ണ് ഒലിച്ചുപോയതിനാൽ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാൻ സാധ്യതയേറുന്നു. അങ്ങനെ സംഭവിച്ചാൽ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ, വൈദ്യുതി പോസ്റ്റുകൾ അടക്കം നിലംപൊത്തും.
വീതി കുറഞ്ഞ ഈ റോഡിലെ വളവിന്റെ ഇരുവശവും 50 അടിയോളം താഴ്ചയാണ്. വഴിവിളക്ക് ഇല്ലാത്ത ഈ റോഡിൽ ഇരുട്ടായാൽ വാഹനങ്ങളുടെ ലൈറ്റിന്റെ വെളിച്ചം മാത്രമാണ് ഏക ആശ്രയം. ഓരോ മാസവും നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. നിയന്ത്രണംവിട്ട കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ചത് കുറച്ച് മാസം മുമ്പാണ്. ഇവിടെ നടന്ന ഭൂരിഭാഗം അപകടങ്ങളിലും വാഹനങ്ങള്‍ നിയന്ത്രണംവിട്ട് പതിക്കുന്നത് 50 അടിയോളം താഴ്ചയിലാണ്.
രാത്രിയിലാണ് കൂടുതല്‍ വാഹനങ്ങളും ഇവിടെ അപകടത്തില്‍പെടുന്നത്. വളവിനെക്കുറിച്ച് നിരവധി പരാതി ഉയർന്നിരുന്നു. റോഡ് അപകടക്കെണിയായതോടെ വിള്ളൽ സംഭവിച്ച 40 മീറ്ററോളം ടാർ വീപ്പ വെച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാട്ടുകാർ. ദുരന്ത നിവാരണ സമിതിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.