മൂവാറ്റുപുഴ: വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകൾക്ക് പണം നൽകി രണ്ടുമാസം പിന്നിട്ടിട്ടും ജനറൽ ആശുപത്രി ലേബർ റൂമിലേക്ക് ജനറേറ്റർ വാങ്ങിസ്ഥാപിക്കാൻ നടപടിയായില്ല. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രണ്ടുവർഷം മുമ്പ് 2.65 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ ആധുനിക ലക്ഷ്യ ലേബർ റൂം, ഓപറേഷൻ തിയറ്റർ, ഗൈനകോളജി വാർഡ് എന്നിവ പ്രവർത്തിപ്പിക്കാനുള്ള ജനറേറ്റർ വാങ്ങാനും ഇത് സ്ഥാപിക്കാനുള്ള കെട്ടിടം നിർമിക്കാനുമുള്ള ഫണ്ടാണ് രണ്ടുമാസം മുമ്പ് വിവിധ വകുപ്പുകൾക്ക് നഗരസഭ കൈമാറിയത്.
രണ്ടുവർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയ തിയറ്റർ അടക്കം പ്രവർത്തിപ്പിക്കാതെ അടച്ചിട്ടിരിക്കുകയാണ്. ജനറേറ്റർ വാങ്ങാൻ ഫണ്ടില്ലാത്തതുമൂലം ആരോഗ്യ വകുപ്പ് അനുവദിച്ച 16 ലക്ഷം രൂപ കഴിച്ച് വിവിധ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ച ഫണ്ട് വകമാറ്റിയാണ് 56 ലക്ഷം കണ്ടെത്തിയത്. ജനറേറ്റർ വാങ്ങാൻ ഒരുവർഷം മുമ്പ് 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. തുക കുറഞ്ഞുപോയെന്നുകാണിച്ച് പിന്നീട് വന്ന കെ.എസ്.ഇ.ബി എൻജിനീയർ തുകയിൽ 16 ലക്ഷം രൂപയുടെ വർധന വരുത്തിയാണ് 56 ലക്ഷം രൂപയാക്കിയത്. എന്നാൽ, ഇല്ലാത്ത ഫണ്ട് കണ്ടെത്തി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ടെൻഡർ നടപടിപോലും ആകാത്തതിനെതിരെ പ്രതിഷേധം ഉയരുകയാണ്.
ദിനേന നൂറുകണക്കിനാളുകൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയിൽ രണ്ടുവർഷം മുമ്പ് ലക്ഷ്യ പദ്ധതിയിൽപെടുത്തി നിർമാണം പൂർത്തിയാക്കിയതാണ് ഗൈനക് ഓപറേഷൻ തിയറ്ററും ലേബർ റൂമും. 2019ൽ എൻ.ആർ.എച്ച്. എമ്മിന്റ ഫണ്ട് ഉപയോഗിച്ചാണ് ഇത് നിർമിച്ചത്. രണ്ടു വർഷം കഴിഞ്ഞിട്ടും ഇത് തുറക്കാൻ കഴിയാത്തത് വൻ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.