തറച്ച ബ്ലേഡ് മാറ്റാതെ മുറിവ് തുന്നിക്കെട്ടി; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

മൂവാറ്റുപുഴ: മെഷീന്‍റെ ബ്ലേഡ് തറച്ചുണ്ടായ മുറിവുമായി ആശുപത്രിയിൽ എത്തിയ യുവാവിന്‍റെ മുഖത്തുനിന്ന് ബ്ലേഡ് എടുത്തുമാറ്റാതെ മുറിവ് തുന്നിക്കെട്ടി വിട്ടതായി പരാതി.വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രി അധികൃതർക്കെതിരെയാണ് യുവാവ് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയത്.

മൂവാറ്റുപുഴ കടാതി കുര്യന്മല സ്വദേശി സിന്‍റോ സിൽജോയുടെ (23)മുഖത്താണ് ബ്ലേഡ് തറച്ചുകയറിയത്. വാഴപ്പിള്ളിയിലെ സ്വകാര്യസ്ഥാപനത്തിൽ മെക്കാനിക്കായി ജോലി ചെയ്യുന്നതിനിടെ സിന്‍റോയുടെ മുഖത്ത് മെഷീന്‍റെ ബ്ലേഡ് ഒടിഞ്ഞ് തെറിച്ചുവീണ് മുറിവേൽക്കുകയായിരുന്നു.

രക്തം വാർന്നൊഴുകിയതോടെയാണ് യുവാവ് ആശുപത്രിയിൽ എത്തിയത്.മുറിവ് കണ്ടയുടൻ വിശദ പരിശോധനയൊന്നും ഇല്ലാതെ തുന്നിക്കെട്ടുകയായിരുന്നു. കടുത്ത വേദന വിട്ടുമാറാതിരുന്നതിനെത്തുടർന്ന് നാലുദിവസം കഴിഞ്ഞ് വീണ്ടും ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടെങ്കിലും പരിശോധന ഒന്നും നടത്താതെ പറഞ്ഞുവിടുകയായിരുന്നു.

ഒരു മാസം പിന്നിട്ടിട്ടും വേദന മാറാതെ വന്നതോടെ സിന്‍റോ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ട് നടത്തിയ വിശദ പരിശോധനയിൽ മുറിവിൽ ബ്ലേഡിന്‍റെ ഭാഗം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.തുടർന്ന്, ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തു. ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ നടപടി വേണമെന്ന് നഗരസഭ കൗൺസിലർ അമൽ ബാബു ആവശ്യപ്പെട്ടു.

Tags:    
News Summary - The wound was sutured without removing the impaled blade; Complaint against private hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.