മ​ഹാ​പ​ഞ്ചാ​യ​ത്തി​നെ​ത്തി​യ​വ​ർ എം.​എ​ൽ.​എ​ക്ക് പ​രാ​തി ന​ൽ​കു​ന്നു

മഹാപഞ്ചായത്തിൽ എത്തിയത് ആയിരത്തോളം പരാതികൾ

മൂവാറ്റുപുഴ: ജനകീയ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരമാരുക്കാൻ മാത്യു കുഴൽനാടൻ എം. എൽ.എ സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ പരിഹരിക്കാനെത്തിയത് ആയിരത്തിലധികം പരാതികൾ. ഇതിൽ മുന്നൂറോളം പരാതികൾ തീർപ്പാക്കി. ശേഷിക്കുന്ന പരാതികളിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള പരിശോധനകൾ പൂർത്തിയാക്കണം.

ഇത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. തുടർനടപടികൾ പൂർത്തിയാക്കി തീർപ്പാക്കും. ഇതിനായി സർക്കാർ ജീവനക്കാരടക്കമുള്ള മോണിട്ടറിങ് സംവിധാനം എം.എൽ.എ ഓഫിസിൽ ഒരുക്കിയിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ പ്രഫ. ജോസ് അഗസ്റ്റിൻ, പി.എ.എം. ബഷീർ, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരും അംഗങ്ങളും പങ്കെടുത്തു. വിവിധ വകുപ്പുകളിലെ 65 ഉദ്യോഗസ്ഥരാണ് പരാതി പരിഹരിക്കാനെത്തിയത്. റവന്യൂ, ആരോഗ്യം, പൊതുവിതരണ വകുപ്പുകൾക്കെതിരെയായിരുന്നു പരാതികളിലേറെയും. ഇതിൽതന്നെ റവന്യൂ വകുപ്പിനെതിരായിരുന്നു കൂടുതൽ. 2018ലെ മഹാപ്രളയത്തിൽ തകർന്ന മാറാടി പഞ്ചായത്തിലെ രണ്ടാം വാർഡിലെ പ്ലാപ്പുഴയിൽ കുളിക്കടവും പുഴയോരത്ത് സംരക്ഷണ ഭിത്തിയും ഉടൻ നിർമിക്കാൻ മഹാപഞ്ചായത്തിൽ തീരുമാനമായി.

ജല അതോറിറ്റി പമ്പ് ഓപറേറ്ററായ ദിവസക്കൂലിക്കാരനായ അംഗപരിമിതനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതും ചെയ്ത ജോലിക്ക് ശമ്പളം ലഭിച്ചില്ലെന്നുമുള്ള പരാതി തീർപ്പാക്കി. ഇതുസംബന്ധിച്ച് പേഴക്കാപ്പിള്ളി സ്വദേശി ഒ.എ. മൈതീനാണ് പരാതിയുമായെത്തിയത്. കൊടുക്കാനുള്ള ശമ്പളം അടിയന്തരമായി നൽകാനും ജോലിയിൽ തുടരാനുള്ള അവസരം ഒരുക്കണമെന്നുമുള്ള മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർദേശം ജല അതോറിറ്റി അംഗീകരിക്കുകയായിരുന്നു. പഞ്ചായത്തുകൾതോറും എല്ലാ മാസവും എം.എൽ.എ നേരിട്ടെത്തുന്ന തുടർപഞ്ചായത്തുകൾ നടക്കും. വിവിധ വകുപ്പ് തലവന്മാരടക്കം പങ്കെടുക്കും. രാവിലെ 9.30ന് തുടങ്ങിയ മഹാപഞ്ചായത്ത് വൈകീട്ട് അഞ്ചിനാണ് സമാപിച്ചത്.

Tags:    
News Summary - Thousands of complaints reached the Mahapanchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.