മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിൻ ടോക്കൺ വിതരണത്തിൽ ക്രമക്കേെടന്ന് ആക്ഷേപം. ആശാവർക്കർമാരും ഒരു വിഭാഗം കൗൺസിലർമാരും ചേർന്ന് ഇഷ്ടക്കാർക്ക് വേണ്ടി ടോക്കൺ തിരിമറി നടത്തുന്നത് മൂലം രാവിലെ വാക്സിൻ എടുക്കാനെത്തുന്ന വയോധികർ അടക്കമുള്ളവർ വൈകീട്ട് വരെ കാത്തിരിക്കേണ്ട ഗതികേടിലാണ്. ഇതിനെ ചൊല്ലി കശപിശയും തർക്കവും നിത്യസംഭവമാണ്.
വ്യാഴാഴ്ചയും സമാന സംഭവം അരങ്ങേറി. ഒന്നുമുതൽ നൂറുവരെ നമ്പറുള്ള ടോക്കൺ കൗൺസിലർമാരും, ആശാവർക്കർമാരും കൈവശം സൂക്ഷിക്കുകയും കുത്തിവെപ്പിനായി രാവിലെ തന്നെ ആശുപത്രിയിൽ നേരിട്ട് എത്തുന്നവർക്ക് നൂറിന് മുകളിലുള്ള ടോക്കൺ നൽകുകയുമാണ് രീതി. നേരത്തെ എല്ലാദിവസവും ഉണ്ടായിരുന്ന കുത്തിവെപ്പ് നിലവിൽ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് നടക്കുന്നത്. അതും കോവാക്സിനും കോവിഷീല്‍ഡും ഒന്നിടവിട്ട ആഴ്ചകളിൽ മാത്രം.
അതുകൊണ്ടുതന്നെ കുത്തിവെപ്പ് ദിവസം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ പത്തോടെയാണ് സാധാരണയായി വാക്സിനേഷൻ ആരംഭിക്കുന്നത്. എന്നാൽ, എട്ടു മണി മുതൽ സ്ത്രീകളും വയോധികരും അടക്കമുള്ളവർ ടോക്കൺ വാങ്ങാൻ ആശുപത്രിയിൽ എത്തും. ആദ്യം വരുന്നവർക്ക് ആദ്യ ടോക്കൺ നൽകണമെന്ന മാനദണ്ഡം ഇവിടെ ലംഘിക്കുകയാണ്. ഇങ്ങിനെ മാറ്റിവെക്കുന്ന ടോക്കണുകൾ ഇഷ്ടക്കാർക്ക് നൽകുകയും ഇവർ എത്തുമ്പോൾ തന്നെ കുത്തിവെപ്പ് എടുത്തു മടങ്ങുകയും ചെയ്യും. ഫലത്തിൽ നേരത്തെ എത്തിയിട്ടും കുത്തിവെപ്പ് എടുക്കുന്നതിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ് സാധാരണക്കാർക്ക് ഉള്ളത്.
ഇന്നലെ രാവിലെ ഒമ്പതിന് വാക്സിനേഷന് ജനറൽ ആശുപത്രിയിലെത്തിയ നാലംഗ കുടുംബത്തിന് 160 മുതൽ 163 വരെയുള്ള ടോക്കണുകൾ ആണ് ലഭിച്ചത്. എന്നാൽ, 11. 30 ഓടെ എത്തിയ ഒരാൾക്ക് കൗൺസിലർ നൽകിയ ടോക്കണിലെ നമ്പർ 24 ആണ്. പിന്നീടെത്തിയ പലര്‍ക്കും ആശാവർക്കർമാർ നൽകിയ ടോക്കണുകളുടെ നമ്പർ അമ്പതിൽ താഴെയാണ്. ഇതോടെയാണ് ടോക്കണിലെ തിരിമറി പുറത്തറിയുന്നത്. ഇത് സ്ഥലത്തുണ്ടായിരുന്ന ചിലർ ചോദ്യം ചെയ്തതോടെ രജിസ്ട്രേഷൻ കൗണ്ടറിൽ ഉണ്ടായിരുന്ന ആശാവർക്കർ ഇറങ്ങിപ്പോയി.
കുത്തിവെപ്പിന് എത്തിയവർ ബഹളം വെച്ചതോടെയാണ് ഇവർ ഇരിപ്പിടത്തിൽ തിരിച്ചെത്തിയത്. ആവശ്യത്തിന് രജിസ്ട്രേഷൻ കൗണ്ടറോ സൈറ്റിൽ എന്‍ട്രി ചെയ്യുന്നതിനുള്ള സംവിധാനമോ ഇല്ലാത്തതും പ്രശ്നമാണ്. ടോക്കൺ സമ്പ്രദായം ഒഴിവാക്കി ആദ്യമാദ്യം എത്തുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്തു കുത്തിവെപ്പ് നൽകുന്ന രീതി അവലംബിച്ചാൽ തിരിമറി ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.