മൂവാറ്റുപുഴ: നാലു ദിവസത്തെ ഇടവേളക്കുശേഷം നഗരം വീണ്ടും ഗതാഗതക്കുരുക്കിൽ. ശനിയാഴ്ച രാവിലെ ആരംഭിച്ച കുരുക്ക് രാത്രി വൈകിയും തുടരുകയാണ്. ശനിയാഴ്ച പി.ഒ ജങ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെ രണ്ട് കിലോമീറ്റർ താണ്ടാൻ മണിക്കൂറുകളാണ് വാഹനങ്ങൾ റോഡിൽ കിടന്നത്. നിർമാണവുമായി ബന്ധപ്പെട്ട് ചാലിക്കടവ് റോഡ് അടച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച വൻകുരുക്കായിരുന്നു നഗരത്തിൽ അനുഭവപ്പെട്ടത്. പ്രതിഷേധം ഉയർന്നതോടെ പൊലീസ് സജീവമായി രംഗത്തിറങ്ങി.
ഇതോടെ നാലു ദിവസമായി കാര്യമായ പ്രശ്നങ്ങളില്ലായിരുന്നു. എന്നാൽ, ശനിയാഴ്ച രാവിലെ ചിത്രം മാറി. രാവിലെ മുതൽ വൻ കുരുക്കായിരുന്നു രൂപപ്പെട്ടിരുന്നത്. നൂറുകണക്കിനാളുകളാണ് റോഡിൽകുടുങ്ങിയത്. നഗരറോഡ് വികസനത്തിന് പുറമെ മൂവാറ്റുപുഴ-തേനി പാതയിലെ ഒന്നാം കിലോമീറ്ററിലെ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ബൈപാസായ ചാലിക്കടവ് റോഡ് അടച്ചത് പ്രശ്നം സൃഷ്ടിച്ചിരുന്നു. എല്ലാ റോഡും സ്തംഭിച്ചു. ഇടറോഡുകൾ വരെ കുരുക്കിലായി. പലയിടത്തും പൊലീസിന്റെ അഭാവമാണ് കുരുക്ക് രൂക്ഷമാകാൻ കാരണമായത്.
നാട്ടുകാർ രംഗത്തിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നതും കാണാമായിരുന്നു. മൂന്നു സംസ്ഥാന പാതകളും ദേശീയപാതയും കടന്നുപോകുന്ന നഗരത്തിലെ എല്ലാ റോഡുകളും വാഹനങ്ങളാൽ വീർപ്പുമുട്ടി. എറണാകുളം റോഡിൽ അമ്പലംപടിവരെയും എം.സി. റോഡിൽ പായിപ്ര കവലവരെയും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. ഉപറോഡുകളും വാഹനങ്ങൾ കൈയടക്കിയതോടെ ഗതാഗതം താറുമാറായി. ഇതിനു പുറമെ അനധികൃത പാർക്കിങ് രൂക്ഷമാക്കുകയും ചെയ്തു.
ഗതാഗതം താറുമാറായതോടെ നഗരം സ്തംഭിച്ചു. തിരക്ക് രൂക്ഷമാകുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് അധികൃതർ. ഗതാഗതപ്രശ്ന പരിഹാരത്തിനായി പതിറ്റാണ്ടുകൾക്കു മുമ്പുകൊണ്ടുവന്ന ബൈപാസുകളും റിങ് റോഡ് പദ്ധതികളും കടലാസിൽ തന്നെ തുടരുകയാണ്. ഇത് നടപ്പാക്കിയിരുന്നെങ്കിൽ ഇപ്പോൾ ഈ പ്രശ്നം തന്നെ ഉണ്ടാകുമായിരുന്നില്ല.
മൂവാറ്റുപുഴ: നഗരത്തിലെ ടി.ബി റോഡ് വഴി വലിയ വാഹനങ്ങൾ കടത്തിവിടുന്നത് ഒഴിവാക്കിയാൽ ഗതാഗത പ്രശ്നം ഇത്ര രൂക്ഷമാകില്ലെന്ന് വിദഗ്ധർ. ടി.ബി റോഡിലെ വീതിയില്ലായ്മയും പൊതുമരാമത്ത് ഓഫിസിനു മുന്നിലെ കയറ്റവും കൊടുംവളവും ഭാരവാഹനങ്ങൾക്ക് കടന്നുപോകാൻ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതിലെ ഭാരവണ്ടികൾ കടത്തിവിടേണ്ടെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, ഇപ്പോൾ കച്ചേരിത്താഴത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇതു വഴിയാണ് വിടുന്നത്. ഇതിനു പുറമെ ബസുകൾ സ്റ്റോപ്പിൽനിന്ന് മാറി പലസ്ഥലങ്ങളിലായി നിർത്തി ആളെ കയറ്റുന്ന നടപടി അവസാനിപ്പിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.