മൂ​വാ​റ്റു​പു​ഴ ഇ.​ഇ.​സി മാ​ർ​ക്ക​റ്റ് റോ​ഡി​ലെ അ​ശാ​സ്ത്രീ​യ ഓ​ട

മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന ബൈപാസ് റോഡായ വെള്ളൂർക്കുന്നം- ഇ.ഇ.സി മാർക്കറ്റ്- കീച്ചേരിപ്പടി റോഡിലെ അശാസ്ത്രീയ ഓടനിർമാണത്തിനെതിരെ പ്രതിഷേധം ഉയരുന്നു. ഇ.ഇ.സിമാർക്കറ്റ് റോഡ് നവീകരണ ഭാഗമായി നിർമിച്ച ഓടയാണ് വെള്ളം ഒഴുകിപ്പോകാത്ത നിലയിൽ പണിതിരിക്കുന്നത്.

വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാതെ ഓടയുടെ മധ്യത്തിൽ നിലനിർത്തിയിരിക്കുന്നു. ഇതിനു പുറമെ വളഞ്ഞ് പുളഞ്ഞ നിലയിൽ വിചിത്രമായാണ് ഓടനിർമാണം. ഒന്നേകാൽ കോടിരൂപ ചെലവിൽ മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റ് റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യുകയും ഇരുവശവും കട്ടനിരത്തി നവീകരിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഓടനിർമാണവും നടക്കുന്നത്.

നഗരസഭയുടെയും കൃഷി വകുപ്പിന്റെയും കീഴിലായിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ ടാറിങ്ങാണിത്. രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്ന റോഡാണിത്. ഓട നിർമിക്കുന്നതിന് മുന്നോടിയായി റോഡരികിലെ വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി അധികൃതർക്ക് കത്ത് നൽകേണ്ടതാണ്.

ബന്ധപ്പെട്ട വകുപ്പ് മേധാവി ഇടപെട്ട് പോസ്റ്റുകൾ നീക്കം ചെയ്താണ് ഓട നിർമിക്കേണ്ടത്. എന്നാൽ, ഈ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ ഓട നിർമിച്ചതാണ് പരാതി ഉയരാൻ കാരണം. അശാസ്ത്രീയ നിർമാണംമൂലം ചെറിയ മഴ പെയ്യുന്നതോടെ വെള്ളം ഉയരുന്നത് വ്യാപാരികൾക്കും കാൽനടക്കാർക്കും ദുരിതമായി മാറി.

ഓടയിൽനിന്ന് ഉയരുന്ന വെള്ളക്കെട്ട് ടാറിങ്ങിനും ഇരുവശത്തും വിരിച്ച കട്ടക്കും ഭീഷണിയാകും. വർഷങ്ങളായി തകർന്നുകിടന്ന റോഡ് നിരവധി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് നിർമാണം ആരംഭിച്ചത്. എം.സി റോഡിലെ വെള്ളൂർക്കുന്നം കവലയിൽ തുടങ്ങി കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കീച്ചേരിപ്പടിയിൽ അവസാനിക്കുന്ന ഒരു കിലോമീറ്റർ വരുന്ന നഗരത്തിലെ ഏക ബൈപാസ് റോഡാണിത്. 

Tags:    
News Summary - unscientific construction on roadside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.