മൂവാറ്റുപുഴ: ഗതാഗതക്കുരുക്കിൽ നട്ടംതിരിയുന്ന മൂവാറ്റുപുഴ നഗരത്തെ മോചിപ്പിക്കാൻ മുറിക്കല്ല് പാലം താൽക്കാലികമായി തുറക്കാൻ നടപടിയാരംഭിച്ചു. മുറിക്കല്ല് പാലവുമായി ബന്ധിപ്പിക്കുന്ന മുറിക്കല്ല്റോഡിലേക്ക് സ്വകാര്യവ്യക്തിയുടെ ഭൂമി ഉപയോഗപ്പെടുത്തി താൽക്കാലികമായി റോഡ് നിർമിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇതിനായി ഭൂമി വിട്ടുനൽകാൻ സ്വകാര്യ വ്യക്തി വ്യവസ്ഥകളോടെ സമ്മതിച്ചിട്ടുണ്ട്. 30 മീറ്റർ നീളത്തിലാണ് ഭൂമി വിട്ടുനൽകുന്നത്. ഇതിന്റെ നവീകരണം തിങ്കളാഴ്ച രാവിലെ ആരംഭിക്കും. ഒറ്റ ദിവസംകൊണ്ട് നവീകരണം പൂർത്തിയാക്കി ചൊവ്വാഴ്ച ഇതിലൂടെ വാഹനങ്ങൾ കടത്തിവിടാനാണ് നീക്കം.
മുറിക്കല്ല് പാലത്തിൽനിന്ന് വള്ളക്കാലി റോഡിലേക്കും മോഡൽ ഹൈസ്കൂൾ റോഡിലേക്കും വാഹനങ്ങൾക്ക് പ്രവേശിക്കാം. ഇവിടെ നിന്ന് വിവിധ റോഡുകളിലൂടെ നഗരത്തിലേക്കും മറ്റു പ്രദേശങ്ങളിലേക്കും പോകാം. കച്ചേരിത്താഴത്തും മറ്റും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതിലൂടെ പരിഹാരമാകുമെന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു.
ഇതിനായി സ്വകാര്യ വ്യക്തിക്ക് നഗരസഭ കത്ത് നൽകും. നിർമാണം പൂർത്തിയായി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും റോഡ് നിർമാണം നടക്കാത്തതിനാൽ തുറന്നുകൊടുക്കാത്ത മുറിക്കല്ല് പാലത്തിലൂടെ താൽക്കാലികമായിട്ടാണങ്കിലും വാഹനങ്ങൾ ഓടും. റോഡ് പണി നടക്കുന്നതുമൂലം നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.
ഞായറാഴ്ച മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അജി മുണ്ടാട്ടും പാലം സന്ദർശിച്ച് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലം താൽക്കാലികമായി ഉപയോഗപ്പെടുത്തി ഇതിലൂടെ വാഹനങ്ങൾ കടത്തിവിടാൻ ധാരണയായത്. നഗര റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഉണ്ടാകാനിടയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഉൾപ്പെടെ വിവിധ മാർഗങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര ഗതാഗത ഉപദേശക സമിതി യോഗം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നഗരസഭ ഓഫിസിൽ ചേരും. മുറിക്കല്ല് ബൈപാസ് താൽക്കാലികമായി തുറക്കുന്നതടക്കം പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്യും.
മൂവാറ്റുപുഴ: ചാലിക്കടവ് റോഡ് നിശ്ചയിച്ച സമയത്തിനുമുമ്പ് നിർമാണം പൂർത്തിയാക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്കടക്കം അടിയന്തര സാഹചര്യം കണക്കിലെടുത്ത് റോഡ് പണി അതിവേഗം പൂർത്തിയാക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആഗസ്റ്റ് നാലിനാണ് പാലം പൂർണമായും അടച്ച് റോഡ് പണി ആരംഭിച്ചത്. 60 ദിവസത്തെ സമയമാണ് ജനങ്ങളോട് ചോദിച്ചിരുന്നത്. എന്നാൽ, അതിനും മുമ്പ് പണി പൂർത്തീകരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. 55 സെന്റിമീറ്റർ ഘനത്തിലാണ് കോൺക്രീറ്റ്. ഇവ മൂന്ന് ഘട്ടമായാണ് പൂർത്തിയാക്കുന്നത്. ആദ്യ 15 സെന്റിമീറ്റർ മുഴുവൻ പൂർത്തീകരിക്കുകയും രണ്ടാംഘട്ടമായി 15 സെന്റിമീറ്ററിൽ അഞ്ച് മീറ്റർ വീതിയിലുള്ള റോഡിന്റെ പാതിഭാഗം പൂർത്തീകരിക്കുകയും ചെയ്തു. ശേഷിക്കുന്ന ഭാഗത്ത് പണി തുടരുകയാണ്.
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കൂടുതൽ പൊലീസുകാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ എസ്.പിക്ക് കത്ത് നൽകി. മൂവാറ്റുപുഴ- തേനി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ചാലിക്കടവ് പാലത്തിനോട് ചേർന്ന ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് ഇതുവഴി ഗതാഗതം നിരോധിച്ചതിനെ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലെത്തുന്ന എല്ലാ വാഹനങ്ങളും എം.സി റോഡ് വഴി കടന്നുപോകുന്നതിനാൽ നിയന്ത്രണാതീത തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസ് പരമാവധി ശ്രമിച്ചിട്ടും ഗതാഗതം നിയന്ത്രിക്കുന്നതിന് സാധിക്കാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ വരുന്ന ഒരു മാസത്തേക്ക് കൂടുതൽ പൊലീസുകാരെ നിയമിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.