കാക്കനാട്: നിർമാണം പൂർത്തിയായി മാസങ്ങളോളം ഉദ്ഘാടകനെ കാത്തിരിക്കേണ്ട ഗതികേടാണ് മിക്ക റോഡുകൾക്കും. എന്നാൽ, തൃക്കാക്കര നഗരസഭയിലെ റോഡ് ഉദ്ഘാടനം ചെയ്തത് വീട്ടമ്മമാർ. 15ാം ഡിവിഷനായ കാക്കനാട് ഹെൽത്ത് സെൻറർ വാർഡിലാണ് പുതുചരിത്രം കുറിച്ചത്.
ബജറ്റിൽ ഉൾപ്പെടുത്തി നഗരസഭയുടെ ഫണ്ടുകൊണ്ട് നിർമിച്ച നെടുംകുളങ്ങരമല റോഡാണ് ജനകീയ ഉദ്ഘാടനം നടത്തി തുറന്നുകൊടുത്തത്. റോഡിെൻറ പ്രധാന ഗുണഭോക്താക്കളായ 18 വീടുകളിലെ വീട്ടമ്മമാർ ചേർന്നാണ് വ്യാഴാഴ്ച വൈകീട്ട് ഉദ്ഘാടനം നടത്തിയത്. ഇവരുടെ പേര് ഉൾപ്പെടുത്തിയ ശിലാഫലകവും സ്ഥാപിച്ചിട്ടുണ്ട്. തുടർന്ന് ജനം ലഡു വിതരണം നടത്തി.
നാലര വർഷത്തോളമായി തകർന്നുകിടന്ന റോഡിലൂടെയുള്ള യാത്ര നാട്ടുകാർക്ക് ദുരിതമായിരുന്നു. തുടർന്ന് ജനങ്ങളുടെ ആവശ്യപ്രകാരം വാർഡ് കൗൺസിലർ പി.സി. മനൂപ് ഇടപെട്ട് രണ്ടാഴ്ചകൊണ്ടാണ് പണി പൂർത്തിയാക്കിയത്. അര കി.മീറ്ററുള്ള റോഡിൽ അഞ്ച് ലക്ഷത്തോളം രൂപ മുടക്കി ഇൻറർലോക്ക് കട്ടകൾ വിരിച്ചാണ് നിർമാണം. തുടർന്നും വാർഡിൽ നടത്തുന്ന വികസനപ്രവർത്തനങ്ങൾ ജനംതന്നെയായിരിക്കും ഉദ്ഘാടനം ചെയ്യുകയെന്ന് കൗൺസിലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.