കിഴക്കമ്പലം: കോവിഡില്‍നിന്ന് പൂർണമായും നാട് മുക്തമായെങ്കിലും പുലർച്ചയും രാത്രിയും ബസ് സർവിസുകളില്ലാത്തത് യാത്രക്കാര്‍ക്ക് വിനയാകുന്നു. എറണാകുളം, ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍നിന്നു രാത്രി ഒമ്പതിനുശേഷം പുക്കാട്ടുപടി, കിഴക്കമ്പലം, പള്ളിക്കര, പട്ടിമറ്റം, കരിമുകൾ പ്രദേശങ്ങളിലേക്ക് ബസില്ലാത്തതാണ് യാത്രക്കാരെ വലക്കുന്നത്.
എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പോയിവരുന്നതിനും രാവിലെ പോകാനും അകലങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്കും ബസില്ലാത്തത് ഏറെ ദുരിതമാണുണ്ടാക്കുന്നത്. രാവിലെ 6.45നാണ് തൃപ്പൂണിത്തുറയിൽനിന്ന് പെരിങ്ങാല വഴി ആലുവക്ക് ആദ്യ ബസ് പോകുന്നത്. അതിന് മുമ്പുള്ള രണ്ട് ബസും പലപ്പോഴും ട്രിപ് മുടക്കുന്നു.
വ്യവസായ മേഖലയായ കിഴക്കമ്പലം, പള്ളിക്കര, കരിമുകള്‍ എന്നിവിടങ്ങളിലേക്ക് ആലുവ, തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനുകളില്‍ രാത്രിയിറങ്ങി വരുന്ന നൂറുകണക്കിനു തൊഴിലാളികള്‍ക്ക് ബസുകള്‍ കിട്ടാറില്ല. യാത്രക്കാര്‍ കൂടുതല്‍ തുക നൽകി ടാക്‌സികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
വർഷങ്ങൾക്കുമുമ്പ് രാത്രി 10.50നും പുലർച്ചയും ആലുവയിൽനിന്ന് അമ്പലമുകളിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയിരുന്നു. അതു നിര്‍ത്തലാക്കി. മൂവാറ്റുപുഴയിൽനിന്നും കലൂരിലേക്ക് കൂടുതൽ കെ.എസ്.ആര്‍.ടി.സി സർവിസ് ആരംഭിച്ചിട്ടുണ്ടെങ്കിലും രാത്രി ബസുകള്‍ക്ക് ഓടാനുള്ള പെര്‍മിറ്റ് അനുവദിച്ചിട്ടില്ല. പുലർച്ച 5.30 മുതലും രാത്രി 9.30 വരെയും ആലുവയിൽനിന്നും കിഴക്കമ്പലം വഴിയുള്ള സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുണ്ടെങ്കിലും വാഹനം ഓടിക്കുന്നത് നഷ്ടമായതില്‍ രാത്രിയാത്ര മുടങ്ങുകയാണ്.
ബസ് വ്യവസായം കനത്ത നഷ്ടത്തിലാണെന്നും തൊഴിലാളികളെക്കുറച്ചും ലാഭകരമല്ലാത്ത ട്രിപ്പുകള്‍ ഒഴിവാക്കിയും തൽക്കാലം പിടിച്ചുനിൽക്കുകയാണെന്നുമാണ് ബസ് ഉടമകൾ പറയുന്നത്. അന്തർസംസ്ഥാന തൊഴിലാളികള്‍ ഈ നാട്ടിലേക്കുള്ള വരവു നിര്‍ത്തിയാല്‍ സ്വകാര്യ ബസുകളെല്ലാം നിര്‍ത്തിയിടേണ്ട സാഹചര്യമാണുള്ളത്. ഊട്ടിമറ്റം വെങ്ങോല, കിഴക്കമ്പലം നെല്ലാട് റോഡുകൾ തകർന്ന് കിടക്കുന്നതിനാല്‍ അതുവഴി ബസ് ഓടിക്കാന്‍ പറ്റാത്ത സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.