പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിൽ ട്വന്റി 20യുടെ നേതൃത്വത്തിൽ സ്വന്തം പ്രസിഡൻറിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ചൊവ്വാഴ്ച ചർച്ചയും വോട്ടെടുപ്പും നടത്തും.
സെപ്റ്റംബർ 30 നാണ് ട്വൻറി 20 യുടെ 10 അംഗങ്ങൾ ഒപ്പിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. 12 ാം വാർഡിലെ എൽ.ഡി.എഫ് അംഗത്തെ അയോഗ്യനാക്കിയ നടപടി അട്ടിമറിക്കാൻ പ്രസിഡന്റ് കൂട്ട് നിന്നു, റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവിലും അനധികൃത ഗോഡൗൺ നിർമാണത്തിന്റെ മറവിലും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട്, മണ്ണ് മാഫിയകളുമായുള്ള ബന്ധം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് ട്വൻറി 20 പറയുമ്പോൾ പ്രസിഡന്റ് നിതാ മോൾ ഇത് നിഷേധിക്കുക മാത്രമല്ല പഞ്ചായത്ത് വൈസ് പ്രസിഡന്റിനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുമെതിരെ അഴിമതി ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നുമുണ്ട്.
ആരോപണ പ്രത്യോരോപണങ്ങൾക്കൊടുവിൽ ചൊവ്വാഴ്ച അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കും. ഇതിനിടയിൽ യു.ഡി.എഫ് അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കുമെങ്കിലും വോട്ടെടുപ്പിൽനിന്ന് വിട്ട് നിൽക്കും.
18 അംഗങ്ങളുള്ള പഞ്ചായത്തിൽ 11 ട്വന്റി 20, അഞ്ച് യു.ഡി.എഫ്, രണ്ട് എൽ.ഡി.എഫ് എന്ന നിലയിലാണ് കക്ഷി നില. തുടർച്ചയായി യു.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ട്വന്റി 20 ഭരണം പിടിച്ചെടുത്തത്. പ്രസിഡന്റ് പ്രതിപക്ഷത്തിന്റെ കൂടെ കൂടിയാലും ട്വൻറി 20 ക്ക് 10 അംഗങ്ങൾ ഉണ്ട് എന്നിരിക്കെ അവിശ്വാസത്തെ നേരിടാനുള്ള തയാറെടുപ്പിലാണ് പ്രസിഡന്റ് നിതാ മോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.