പള്ളിക്കര: പള്ളിക്കര പഞ്ചായത്തിലെ എട്ടാം വാർഡിൽ കൂട്ടപ്പുന്ന കുറുക്കൻകുന്നിൽ താമസിക്കുന്ന മുപ്പതോളം കുടുംബങ്ങൾ എങ്ങനെ യാത്രചെയ്യുമെന്ന ആശങ്കയിലാണ്. കഴിഞ്ഞ 30 വർഷമായി ഇവർ ഉപയോഗിക്കുന്ന റോഡ് തകർന്ന് തരിപ്പണമായിരിക്കുകയാണ്.
ഇവിടെ വോട്ടുപിടിത്തത്തിന് മാത്രമാണ് ജനപ്രതിനിധികൾ എത്താറുള്ളതെന്ന് പ്രദേശവാസികളിൽ ചിലർ ആരോപിക്കുന്നു. പലതവണ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്നാണ് ഇവരുടെ പരാതി. മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഇവരുടെ ഇടയിൽ ഡയാലിസിസ് രോഗികളും അംഗവൈകല്യമുള്ളവരും നിത്യരോഗികളുമടക്കമുണ്ട്. ഇവർക്ക് ആശുപത്രിയിൽ പോകാനും മറ്റും വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുമ്പോൾ ഡ്രൈവർമാർ ഇവിടേക്ക് വരാൻ മടിക്കുന്ന അവസ്ഥയാണ്.
പലപ്പോഴും രോഗികളെയും മറ്റും ചുമന്നുപോകേണ്ട ഗതികേടിലാണ് ഇവിടത്തെ ജനങ്ങൾ. 30 വർഷമായി ഇവരുടെ ഗതാഗതസൗകര്യമെന്ന ആവശ്യത്തിന് ആരും ചെവികൊടുത്തിട്ടില്ല. ഇവിടെനിന്ന് പ്രധാന ടൗണായ പൊയിനാച്ചിയിലേക്ക് ഏകദേശം രണ്ടു കിലോമീറ്ററാണുള്ളത്. മൈലാട്ടിയിലേക്ക് 1.5 കിലോമീറ്ററും. നാട്ടുകാർതന്നെ നിർമിച്ച ഈ റോഡിന് സഹായമായി അധികൃതർ ടാറിങ് ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ചെമ്മനാട് പഞ്ചായത്തിന്റെയും പള്ളിക്കര പഞ്ചായത്തിന്റെയും അതിർത്തി പ്രദേശമായതിനാൽതന്നെ ആരും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. താൽക്കാലികമായി ജനങ്ങൾ നിർമിച്ച റോഡാണെങ്കിലും ഇത് ടാർ ചെയ്തോ കോൺഗ്രീറ്റ് ചെയ്തോ ഗതാഗതയോഗ്യമാക്കിയാൽ പൊയിനാച്ചിയിലേക്കും മറ്റും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. 30 വർഷത്തോളമായി സഹിക്കുന്ന അവഗണനക്ക് ഇനിയെങ്കിലും ഉത്തരംനൽകണമെന്നാണ് പഞ്ചായത്തുകളോടുള്ള നാട്ടുകാരുടെ അഭ്യർഥന.
കുറുക്കൻകുന്നിൽ കുടിയേറിപ്പാർത്തവരാണ് പ്രദേശവാസികൾ. വർഷങ്ങൾക്കുമുമ്പ് കലക്ടർ അത് ഒഴിപ്പിക്കാൻ ഉത്തരവിട്ടപ്പോൾ അതിനെതിരെ നിരന്തരസമരം നടത്തിയും പ്രതിഷേധിച്ചും അവിടെ കൊടിനാട്ടി സംരക്ഷിച്ചതും കർഷകത്തൊഴിലാളി സംഘടനയും പുരോഗമന പാർട്ടിയുമാണ്. പിന്നീട് ആനന്ദാശ്രമത്തിന്റെ സഹായത്താൽ പഞ്ചായത്തിന്റെ അനുമതിയോടുകൂടി ഷീറ്റുകെട്ടി വീട് കെട്ടിക്കൊടുത്തിരുന്നു. പിന്നീട് അവർക്കുള്ള കുടിവെള്ളത്തിനുവേണ്ടി സൗകര്യമൊരുക്കി. 120 മീറ്റർ കഴിഞ്ഞപ്രാവശ്യം കോൺക്രീറ്റ് ചെയ്തിരുന്നു.
എനിക്ക് കിട്ടുന്ന പഞ്ചായത്ത് വിഹിതം വളരെ കുറവാണ്. എന്നിരുന്നാലും, വേണ്ടത് ചെയ്യാൻ ശ്രമിക്കാറുണ്ട്. അവരെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. (വാർഡ് അംഗം ഗോപാലൻ)
കുറുക്കൻകുന്നിലേക്കുള്ള റോഡ് പഞ്ചായത്ത് നിർമിച്ചതാണ്. രണ്ടുമൂന്ന് സ്വകാര്യവ്യക്തികളുടെ എതിർപ്പുമൂലം റോഡിന് നടുവിൽ മണ്ണുമാന്തി ഉപയോഗിച്ച് തടസ്സം സൃഷ്ടിച്ചിരുന്നു. അന്ന് പഞ്ചായത്ത് ഇടപെട്ടാണ് ശരിയാക്കിയത്. ഒരു കിലോമീറ്റർ റോഡ് ടാർ ചെയ്യാൻ 10 ലക്ഷത്തോളം രൂപ ഫണ്ട് വേണം. ഫണ്ടിന്റെ ലഭ്യത വളരെ കുറവാണ്. എന്നാൽ, അവരുടെ ആവശ്യം ന്യായമാണ്. ഈ റോഡിനുവേണ്ടി എം.എൽ.എ മുഖാന്തരം അപേക്ഷ കൊടുത്തിരുന്നു. ഏതെങ്കിലും ഫണ്ടിൽപെടുത്തി ടാർ ചെയ്യാനുള്ള നടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്.(പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുമാരൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.