പള്ളുരുത്തി: അഴകിയ കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയുടെ ഭാഗമായി പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ പറയെടുപ്പ് നടന്നു. കാലങ്ങളായി നടന്നു വരുന്ന ആചാരത്തിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷൻ പറയെടുപ്പ് നടന്നത്.
രാജഭരണകാലത്ത് പഴയ പൊലീസ് സ്റ്റേഷൻ നിലനിന്നിരുന്ന കെട്ടിടം രാജഭരണ കാര്യങ്ങൾ നിയന്ത്രിക്കുന്ന കച്ചേരിയായിരുന്നു. താലപ്പൊലിക്ക് കച്ചേരിക്ക് മുന്നിൽ പ്രത്യേക പറ വഴിപാട് ജീവനക്കാർ ചേർന്ന് നിറച്ചുനൽകിയിരുന്നു. കച്ചേരി കെട്ടിടം പൊലീസ് സ്റ്റേഷനായി മാറിയെങ്കിലും കച്ചേരിയിൽ തുടർന്നുവന്ന പതിവ് രീതികളിൽ മാറ്റം വരുത്തിയില്ല. പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് പറ നിറച്ചു നൽകാൻ തുടങ്ങി.
സംസ്ഥാന ആഭ്യന്തര വകുപ്പ് തന്നെ പറ വഴിപാട് മുടക്കം കൂടാതെ തുടരാൻ അനുവാദം നൽകുകയായിരുന്നു. ക്ഷേത്രത്തിൽനിന്നും ഭഗവതിയുടെ തിടമ്പേറ്റി എത്തിയ ആന ആദ്യം ഏറണാട് വനദുർഗാഭഗവതി ക്ഷേത്രത്തിൽ പറയെടുപ്പ് നടത്തി, കോതകുളങ്ങര ശാസ്താ ക്ഷേത്രത്തിൽ ഇറക്കി പൂജയും നേദ്യവും നടന്നു. പിന്നീട് വെങ്കിടാചലപതി ക്ഷേത്രത്തിലും പറനടന്നു. തുടർന്നാണ് സി.ഐ ഓഫിസിന് മുന്നിൽ പറ വഴിപാട് നടന്നത്. ട്രാഫിക് സ്റ്റേഷനിലും പറയെടുപ്പ് നടത്തി. ഒടുവിലാണ് പൊലീസ് സ്റ്റേഷന് മുന്നിൽ പറയെടുപ്പ് നടന്നത്.
ഡെപ്യൂട്ടി പൊലീസ് കമീഷണർ വി.യു കുര്യാക്കോസ്, അസി.കമീഷണർ വി.ജി. രവീന്ദ്രനാഥ്, സി.ഐ. സിൽവസ്റ്റർ, എസ്.ഐ. ദീപു എന്നിവർ നേതൃത്വം നൽകി. അവിൽ, മലർ, ശർക്കര, കുരുമുളക്, ചുക്ക്, എള്ള്, കൽക്കണ്ടം, മഞ്ഞൾ, ഉണക്കമുന്തിരി,നെല്ല്, ഉണക്കലരി, പഴം, കരിമ്പ് എന്നീ വിഭവങ്ങൾ ഉപയോഗിച്ചായിരുന്നു പറ നിറക്കൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.