മൂവാറ്റുപുഴ: യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായ വയോധികനെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ. ബസിൽ യാത്ര ചെയ്യുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണ തൃക്കളത്തൂർ കാവുംപടി ഇലവൻതറ ഇ.ജെ. ആൻഡ്രൂസിനെയാണ് (72) ജീവനക്കാരും യാത്രക്കാരും ചേർന്ന് മൂവാറ്റുപുഴ നെടുംചാലിൽ ആശുപത്രിയിൽ എത്തിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് തോപ്പുംപടി-മൂവാറ്റുപുഴ റൂട്ടിൽ സർവിസ് നടത്തുന്ന ഓർഡിനറി ബസിൽ ആൻഡ്രൂസും ഭാര്യയും കയറിയത്. കടാതി പള്ളിത്താഴത്ത് എത്തിയപ്പോഴായിരുന്നു ആൻഡ്രൂസിന് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. യാത്രക്കാർ വിവരം അറിയിച്ചതോടെ കണ്ടക്ടർ മിഥുനും ഡ്രൈവർ സനിൽകുമാറും ബസ് ആശുപത്രിയിലേക്ക് വിടുകയായിരുന്നു.
ഇതിനിടെ ബസിൽ ഉണ്ടായിരുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലയ മത്തായി വയോധികന് സി.പി.ആർ നൽകി. മിനിറ്റുകൾക്കുള്ളിൽ ബസ് നെടുംചാലിൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തി. വയോധികന് യഥാസമയം പ്രാഥമിക ചികിത്സ നൽകാൻ കഴിഞ്ഞു. പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി ആൻഡ്രൂസിനെ തൊടുപുഴയിലെ ആശുപത്രിയിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.