മട്ടാഞ്ചേരി: പ്രതിഷേധങ്ങളും സമരങ്ങളും ഫലം കണ്ടു. മട്ടാഞ്ചേരി നെഹ്റു മെമ്മോറിയൽ ടൗൺ ഹാൾ ചുറ്റുവളപ്പിൽ മലപോലെ കൂട്ടിയിട്ട മാലിന്യം പൂർണമായും നീക്കി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് ശേഷം മട്ടാഞ്ചേരി മേഖലയിലെ പ്രധാന മാലിന്യ സംഭരണ കേന്ദ്രമാക്കി അധികൃതർ ടൗൺ ഹാൾ വളപ്പിനെ മാറ്റുകയായിരുന്നു. സമീപത്തെ പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് ദുർഗന്ധം ബുദ്ധിമുട്ട് ഉളവാക്കുന്നതായി പരാതി ഉയർന്നിരുന്നു.
ചുറ്റുവളപ്പിലെ ജിംനേഷ്യത്തിൽ ആരോഗ്യ സംരക്ഷണത്തിനും കായിക പരിശീലനത്തിനെത്തുന്നവർക്കും മാലിന്യം വിനയായി. ടൗൺ ഹാളിന് എതിർ വശത്ത് സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിലെത്തുന്നവർക്കും പ്രയാസം നേരിട്ടു. തുടർന്നാണ് വിവിധ സംഘടനകൾ സമരങ്ങൾ നടത്തിയത്. ഒടുവിൽ ടൗൺ ഹാൾ നവീകരണം കൂടി കണക്കിലെടുത്ത് ചുറ്റു വളപ്പിലെ മാലിന്യം ഏതാണ്ട് പൂർണമായി മാറ്റുകയായിരുന്നു.ഇതോടെ നാട്ടുകാരും ആശ്വാസത്തിലാണ്. കൊച്ചി കോർപറേഷന്റെ മട്ടാഞ്ചേരി സോണൽ ഓഫിസിന് മുൻവശം കുന്നുപോലെ ശേഖരിച്ചിരുന്ന മാലിന്യങ്ങളുടെ നീക്കവും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.