കൊച്ചി: കോർപറേഷെൻറ കൊതുക് നശീകരണം ഫോഗിങ്ങിൽ മാത്രമായി ചുരുങ്ങിയപ്പോൾ നഗരത്തിൽ ഡെങ്കി കേസുകൾ പടരുന്നു. നഗരത്തിൽ മാത്രം സംശയിക്കുന്ന 176 കേസുകളും 98 സ്ഥിരീകരിച്ച കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊതുകിനെ തുരത്താൻ പ്രധാന റോഡുകളിലൂടെ ഫോഗിങ് വാഹനങ്ങൾ പോകുന്നുണ്ട്. എങ്കിലും ഇടവഴികളിലും വാഹനങ്ങൾ കയറാൻ കഴിയാത്തിടങ്ങളിലും ഫോഗിങ് നടത്താൻ കഴിയുന്നില്ല.
വലിയ വീടുകളിലെ ചെടിച്ചട്ടികളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുകയാണെന്ന് പൊതുമരാമത്ത് സമിതി ചെയർപേഴ്സൻ സുനിത ഡിക്സൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു. വീടുകളിൽ പരിശോധന നടത്താൻ ഹെൽത്ത് ഇൻസ്പെക്ടർമാരെ അനുവദിക്കുന്നില്ല. കൊതുക് നിവാരണം, കുടിവെള്ളപ്രശ്നം എന്നിവ പരിഹരിക്കാൻ കൂടുതൽ പ്രവർത്തനം നടത്തേണ്ടതുണ്ടെന്ന് സി.എ. ഷക്കീറും ചൂണ്ടിക്കാട്ടി.
ചെറിയ വഴികളിൽകൂടി സഞ്ചരിച്ച് ഫോഗിങ് നടത്താൻ കഴിയുംവിധം കൈയിൽ കൊണ്ടുനടക്കാവുന്ന യന്ത്രം നഗരസഭ ജീവനക്കാർക്ക് നൽകണമെന്ന് കൗൺസിലർ മനു ജേക്കബ് ആവശ്യപ്പെട്ടു.ആറുമാസത്തിനിടെ 241 പേർക്കാണ് ഡെങ്കി ബാധിച്ചത്. വീടിനുള്ളിൽ മണിപ്ലാൻറ് ഉൾപ്പെടെയുള്ള ചെടികൾ വളർത്തുന്ന പ്രവണത വർധിച്ചത് കൊതുക് പ്രജനനത്തിന് കാരണമായി. പൂട്ടിക്കിടക്കുന്ന വീടുകളിലെ ടെറസ്, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളും കൊതുക് കേന്ദ്രമാകുന്നു. വൈറ്റില ജനത, കലൂർ നോർത്ത്, കറുകപ്പള്ളി, കാരണകോടം, മാമംഗലം, പനമ്പള്ളിനഗർ, പച്ചാളം, ചക്കാമടം, ഫോർട്ട്കൊച്ചി പ്രദേശങ്ങളിലാണ് ഡെങ്കി കൂടുതൽ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.