കിഴക്കമ്പലം: വർഷങ്ങളായി ശോച്യാവസ്ഥയിലായ കിഴക്കമ്പലം- നെല്ലാട് റോഡിന്റെ നിർമാണം വീണ്ടും നീണ്ട് പോയേക്കും. ജൂലൈ ആദ്യം 15 ദിവസത്തിനകം റോഡ് നിർമാണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നങ്കിലും റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കരാർ വെക്കാൻ പോലും കരാറുകാരൻ തയാറായിട്ടില്ല.
കിഴക്കമ്പലം മുതൽ നെല്ലാട് വരെ 14 .4 കിലോമീറ്റർ പ്രദേശത്താണ് നിർമാണം നടക്കേണ്ടത്. ഇതിനായി കിഫ്ബി വഴി 10 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കരാറുകാരൻ തയാറാകാത്തത് എന്നാണ് സൂചന.
നേരത്തെ റോഡിന്റെ ശോച്യാവസ്ഥക്കെതിരെ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും മഴ ശക്തമായതോടെ വീണ്ടും റോഡ് ശോച്യാവസ്ഥയിലായി. റോഡ് പണി നീണ്ട് പോയാൽ വീണ്ടും കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സമിതിയെന്ന് ചെയർമാൻ ബിജു മഠത്തിപറമ്പിൽ പറഞ്ഞു.
മഴ ശക്തമായതോടെ റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലാണ്. കുഴികളിൽ ചളിയും വെള്ളവും നിറഞ്ഞ് ഇരുചക്ര വാഹനങ്ങൾക്കോ കാൽനടയാത്രികർക്കോ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ളവർ എറണാകുളത്തേക്കും കലകട്രേറ്റിലേക്കും ഇൻഫോപാർക്ക് ഉൾപ്പെടെ എത്തുന്ന എറണാകുളം- തേക്കടി ദേശീയ പാതയുടെ ഭാഗം കൂടിയാണ് ഈ റോഡ്. ആറു വർഷം കൊണ്ട് റോഡിന് അനുവദിച്ചത് 50 കോടിയോളമാണ്.
എന്നാൽ റോഡിലെ കുഴികൾക്ക് യാതൊരു കുറവുമില്ല. മാസങ്ങൾക്ക് മുമ്പ് 10.45 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരുന്നെങ്കിലും റോഡ് നിർമാണം മാത്രം നടന്നില്ല. ഈ റോഡിന് 2018ൽ കിഫ്ബി വഴി 32.6 കോടി രൂപ വകയിരുത്തിയിരുന്നു.
പദ്ധതിയുടെ ഭാഗമായി മനക്കക്കടവ് - പള്ളിക്കര , പട്ടിമറ്റം - പത്താം മൈൽ റോഡുകളുടെ പണി പൂർത്തിയാക്കി. എന്നാൽ കിഴക്കമ്പലം- നെല്ലാട് റോഡ് നിർമാണം കരാറുകാരൻ ഉപേക്ഷിച്ചു.
വീണ്ടും 10 കോടി അറ്റകുറ്റപ്പണിക്കായി കിഫ്ബി അനുവദിച്ചു. പുറമെ പട്ടിമറ്റം മുതൽ കിഴക്കമ്പലം വരെ 1.34 കോടിയും നെല്ലാട് മുതൽ പട്ടിമറ്റം വരെ 1.10 കോടിയും അനുവദിച്ചെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കാനായില്ല. വീണ്ടും 1.59 കോടി രൂപ അനുവദിച്ചെങ്കിലും റോഡ് പഴയപടി തന്നെയാണ്. അതിനിടയിൽ വീണ്ടും 10 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.