കാക്കനാട്: പുതിയതായി ടാർ ചെയ്ത് പണി പൂർത്തീകരിച്ച റോഡുകൾ ഒരു വർഷത്തിന് ശേഷമേ വെട്ടിപ്പൊളിച്ചു പൈപ്പിടാൻ അനുവദിക്കാവു എന്ന സർക്കാർ തീരുമാനം ബാധകമല്ലാതെ തൃക്കാക്കര. കുടിവെള്ള പൈപ്പിടാനായി ടാറിങ് കഴിഞ്ഞ റോഡ് ദിവസങ്ങൾക്കുള്ളിൽ ജല അതോറിറ്റി വെട്ടിപ്പൊളിച്ചു.
തൃക്കാക്കര നഗരസഭ 35ാം ഡിവിഷനിൽ വാർഷിക പദ്ധതിയിൽപ്പെടുത്തി റീ ടാറിങ് നടത്തിയ എൻ.പി.ഒ.എൽ കിണറ്റിശാല കനാൽ ബണ്ട് റോഡാണ് കഴിഞ്ഞ തിങ്കളാഴ്ച ജല അതോറിറ്റി ഓവർസിയറുടെ സാന്നിധ്യത്തിൽ വെട്ടിപ്പൊളിച്ചത്. കൂടാതെ റോഡിലൂടെ ഹിറ്റാച്ചി ഓടിച്ചതുമൂലം ടാറിങ് ഇളകുകയും ചെയ്തു. 30 മീറ്ററോളം റോഡ് വെട്ടിപ്പൊളിച്ചിരിക്കുകയാണ്. ഇതുവഴി ലക്ഷങ്ങളാണ് നഗരസഭക്ക് നഷ്ടം സംഭവിച്ചത്.
ജല അതോറിറ്റിയുടെ നടപടി ചോദ്യം ചെയ്തും നഷ്ടപരിഹാരം ആവശ്യപ്പെട്ടും തൃക്കാക്കര നഗരസഭ സെക്രട്ടറി അതോറിറ്റി അസി. എൻജിനീയർക്ക് നോട്ടീസ് നൽകി. കോൺക്രീറ്റ് നടത്തിയ ഭാഗം പൊളിക്കാൻ നഗരസഭയിൽനിന്ന് ജല അതോറിറ്റി അനുമതി ലഭ്യമാക്കിയിട്ടില്ലന്നും റീ ടാറിങ് നടത്തിയ ഭാഗം പൊളിച്ചത് മൂലം നഗരസഭക്ക് ഉണ്ടായ നഷ്ടം നികത്തണമെന്നും നോട്ടീസിൽ പറയുന്നു.
റോഡ് റിടാറിങ് പ്രവൃത്തി ചെയ്ത കരാറുകാരനും തൃക്കാക്കര നഗരസഭ അസി. എക്സിക്യുട്ടിവ് എൻജിനീയർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.