കൊച്ചി: സംസ്ഥാനത്ത് കൂടുതൽ പേർ രജിസ്റ്റർ ചെയ്ത എറണാകുളം ജില്ലയിൽ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് തുടക്കം. ജനറൽ ആശുപത്രിയിലെ പാലിയേറ്റിവ് കെയർ ബ്ലോക്കിലെ ഒന്നാംനിലയിൽ ക്രമീകരിച്ച വാക്സിനേഷൻ മുറിയിൽ ലിസി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ആദ്യ വാക്സിൻ സ്വീകരിച്ചത്.
തുടർന്ന് ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ, മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഡോ. ജോസഫ് ചാക്കോ, മുൻ ഡി.എം.ഒ ഡോ. ജുനൈദ് റഹ്മാൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സവിത, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത എന്നിവർ വാക്സിൻ സ്വീകരിച്ചു.
ജനറൽ ആശുപത്രിയിലെ 100 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ദിവസം വാക്സിൻ നൽകിയത്. രാവിലെ 10.30ന് കോവിഡ് വാക്സിനേഷൻ യജ്ഞത്തിെൻറ ദേശീയതല ഉദ്ഘാടനത്തിന് ശേഷമാണ് ആരംഭിച്ചത്. രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർ തിരിച്ചറിയൽ രേഖ വേരിഫൈ ചെയ്ത ശേഷം വാക്സിനേഷൻ മുറിയിൽ കടന്നു.
വാക്സിൻ സ്വീകരിച്ചശേഷം അരമണിക്കൂർ വിശ്രമിക്കാനും അസ്വസ്ഥത തോന്നിയാൽ അടിയന്തരചികിത്സക്കും സൗകര്യം ഒരുക്കിയിരുന്നു.എറണാകുളം ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ച ഇൻററാക്ടിവ് വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു.
ആദ്യ വാക്സിൻ സ്വീകരിച്ച് ഡോ. ജോസ് ചാക്കോ
കൊച്ചി: എറണാകുളത്ത് ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ച് ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. ജനറൽ ആശുപത്രിയിലെ പാലിയേറ്റിവ് കെയർ ബ്ലോക്കിലെ ഒന്നാം നിലയിലായിരുന്നു വാക്സിനേഷൻ മുറി.
ആദ്യഘട്ടത്തിൽ വാക്സിൻ എടുക്കാൻ ആരോഗ്യപ്രവർത്തകരെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പ്രതികരിച്ചു. ''ഏറെ പരിശീലനം ലഭിച്ച നഴ്സാണ് കുത്തിവെപ്പ് എടുത്തത്. സുഖകരമായ അനുഭവമായിരുന്നു''-അദ്ദേഹം പറഞ്ഞു. തുടർന്ന് ജനറൽ ആശുപത്രിയിലെ രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകരുടെ ഊഴമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.