പള്ളുരുത്തി: തുടർച്ചയായ കടലേറ്റത്തിൽ നിന്ന് തീരജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദി നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണമാലിയിൽ തീരദേശ റോഡ് ഉപരോധിച്ചു. രാവിലെ ആറിന് നൂറുകണക്കിന് സ്ത്രീകളടക്കം തീരവാസികൾ റോഡിൽ കുത്തിയിരുന്നാണ് സമരം ആരംഭിച്ചത്.
ഇതിനിടെ, മട്ടാഞ്ചേരി അസി. പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഉപരോധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മന്ത്രി പി. രാജീവ് സ്ഥലത്തെത്തി ഉറപ്പുനൽകാതെ പിന്തിരിയില്ലെന്ന് പറഞ്ഞ് അവർ സമരം കൂടുതൽ ശക്തമാക്കി. റോഡിൽ കപ്പ പുഴുങ്ങിയും ചായ തിളപ്പിച്ചും വീട്ടമ്മമാരും സമരം കടുപ്പിക്കുകയും ചെയ്തു.
നിയമസഭ നടക്കുന്നതിനാൽ മന്ത്രിക്ക് എത്താൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതോടെ കലക്ടർ എത്തണമെന്നായി സമരക്കാർ. ഇതിനിടെ ഡെപ്യൂട്ടി കലക്ടർ സ്ഥലത്തെത്തിയെങ്കിലും സമരക്കാർ വഴങ്ങിയില്ല. ഒടുവിൽ കലക്ടർ എൻ.എസ്.കെ ഉമേഷ് സ്ഥലത്തെത്തി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മണിക്കൂറുകൾ നീണ്ട ഉപരോധം പിൻവലിച്ചത്.
കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്തു പുറം കടലിൽ തള്ളുന്ന മണ്ണും ചെളിയും തീരത്ത് നിക്ഷേപിച്ച് തീര പുനർനിർമാണം നടത്തണമെന്ന ആവശ്യം ചൊവ്വാഴ്ച കലക്ടറുടെ ചേംബറിൽ കൊച്ചിൻ പോർട്ട്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ജനകീയ വേദി നേതൃത്വവുമായി ചർച്ച ചെയ്യാമെന്ന് കലക്ടർ ഉറപ്പ് നൽകിയതിനെത്തുടർന്ന് സമരം താൽകാലികമായി പിൻവലിക്കുകയായിരുന്നു.
തീരസംരക്ഷണ പദ്ധതിയുടെ രണ്ടാംഘട്ടത്തിനായി കേന്ദ്രത്തിൽ നിന്ന് തുക ലഭ്യമാക്കുന്നതിനുള്ള ചർച്ച നടന്നുവരികയാണെന്നും ലഭ്യമായാൽ രണ്ടാംഘട്ടം ഉടൻ തുടങ്ങുമെന്നും കലക്ടർ പറഞ്ഞു. സമരത്തിനിടെ ഹൈക്കോടതി ജഡ്ജി തോമസ് കുര്യന്റെ വാഹനം വന്നെങ്കിലും കടന്നുപോകാൻ സമരക്കാർ അനുവദിച്ചില്ല. പിന്നീട് പൊലീസ് മറ്റൊരു വഴിയിലൂടെ വാഹനം കടത്തിവിട്ടു.
വി.ടി. സെബാസ്റ്റ്യൻ, അഡ്വ. തുഷാർ നിർമൽ സാരഥി, ജോസഫ് ജയൻ കുന്നേൽ, സുജ ഭാരതി എന്നിവർ നേതൃതം നൽകി. ഫാ. ഡോ. ആന്റണീറ്റോ പോൾ, ഫാ. ജോൺ കളത്തിൽ, ഫാ. പ്രമോദ്, കുര്യൻ, ഷിജി തയ്യിൽ, ജോസഫ് അറയ്ക്കൽ, ക്ലീറ്റസ് പുന്നക്കൽ, ബാബു പള്ളിപറമ്പ്, വിൽഫ്രഡ് സി. മാനുവൽ, ഹാരിസ് അബു, മെറ്റിൽഡ ക്ലീറ്റസ്, റീന സാബു, ബിജു ജോസി കരുമാഞ്ചേരി എന്നിവർ സംസാരിച്ചു.
പള്ളുരുത്തി: ജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയത് കടൽകയറ്റത്തിൽനിന്ന് തീരജനതക്ക് സംരക്ഷണമൊരുക്കാൻ മന്ത്രിമാരടക്കം നൽകിയ ഉറപ്പുകൾ പാഴായപ്പോൾ. 2021ൽ ചെല്ലാനം കൊച്ചി തീരത്ത് 10 കി.മീ സ്ഥലത്ത് കണ്ണമാലി സി.എം.എസ് പാലം വരെ കരിങ്കൽ ഭിത്തിയും ടെട്രാപോഡും ബസാർ-വേളാങ്കണ്ണി പ്രദേശത്ത് ആറ് പുലി മുട്ടുകളും പുത്തൻ തോട്-കണ്ണമാലി പ്രദേശത്ത് ഒമ്പത് പുലിമുട്ടുകളും നിർമിക്കാൻ ഭരണാനുമതി നൽകിയിരുന്നു.
ഇതിനായി കിഫ്ബി വഴി 344.2 കോടി നീക്കിവെക്കുകയും ചെയ്തു. എന്നാൽ 7.36 കി.മീ. സ്ഥലത്ത് കടൽ ഭിത്തിയും ആറ് പുലി മുട്ടുകളും നിർമിച്ചപ്പോൾ പണം തീർന്നു. 2023 ജൂൺ ഒമ്പതിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ചെല്ലാനം പുത്തൻ തോട് സന്ദർശിച്ചപ്പോൾ അടുത്ത ഘട്ടം പണിയാൻ 320 കോടി വേണമെന്നും 2023 നവംബർ ഒന്നിന് പണി തുടങ്ങുമെന്നും പ്രഖ്യാപിച്ചു.
2023 ഒക്ടോബർ മൂന്നിന് ചെല്ലാനം സന്ദർശിച്ച മന്ത്രി പി. രാജീവ് രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് 247 കോടി പാസായതായും അറിയിച്ചു. എന്നാൽ, കിഫ്ബിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ പണി നടക്കില്ലെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. കഴിഞ്ഞ ദിവസമുണ്ടായ വേലിയേറ്റത്തിൽ കണ്ണമാലി മുതൽ സൗദി വരെ തീരമേഖലയിൽ ശക്തമായ കടലാക്രമണമാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.