കൊച്ചി: മത്സ്യകൃഷിയിൽ പുത്തനുണർവിന് വഴിയൊരുക്കുന്ന സ്റ്റാർട്ടപ് സംരംഭവുമായി ഫിഷറീസ് ബിരുദധാരികൾ. വ്യാപകമായി കൃഷി ചെയ്യുന്നതും മികച്ച വിപണനമൂല്യമുള്ളതുമായ കാളാഞ്ചിയുടെ വിത്തുൽപാദനത്തിന് കേന്ദ്ര ഓരുജലകൃഷി ഗവേഷണസ്ഥാപനത്തിെൻറ (സിബ) സഹായത്തോടെയാണ് സംരംഭം. സ്റ്റാർട്ടപ് രൂപത്തിൽ സ്വകാര്യമേഖലയിൽ രാജ്യത്ത് ആദ്യമായാണ് കാളാഞ്ചിയുടെ ഹാച്ചറി വരുന്നത്. സിബ വികസിപ്പിച്ച കാളാഞ്ചിയുടെ വിത്തുൽപാദന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
കർണാടക സ്വദേശികളായ മൂന്ന് ഫിഷറീസ് ബിരുദധാരികളാണ് കേരളത്തിലുൾപ്പെടെ കാളാഞ്ചി കൃഷിയുടെ ഗതിനിർണയിക്കുന്ന സ്റ്റാർട്ടപ്പിന് പിന്നിൽ. കാളാഞ്ചിക്കുഞ്ഞുങ്ങൾക്ക് കർഷകർക്കിടയിൽ ആവശ്യക്കാരേറെയാണെങ്കിലും യഥാസമയം മതിയായ തോതിൽ ലഭിക്കാറില്ല. ഒരുകിലോ കാളാഞ്ചിക്ക് വിപണിയിൽ 450 രൂപ മുതൽ 700 രൂപ വരെയാണ് വില.
ഇവയുടെ ഹാച്ചറി നടത്തിപ്പിന് മികച്ച സാങ്കേതികവൈദഗ്ധ്യം ആവശ്യമാണെന്നതിനാൽ സ്വകാര്യമേഖലയിലുള്ളവർ കാളാഞ്ചി വിത്തുൽപാദനരംഗത്തേക്ക് കടന്നുവരാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് സിബയുടെ സഹകരണത്തോടെ ഫിഷറീസ് പ്രഫഷനലുകൾ സ്റ്റാർട്ടപ് സംരംഭവുമായി മുന്നോട്ടുവരുന്നത്. സിബയുടെ കാളാഞ്ചി ഹാച്ചറിയിലേക്ക് പഠനകാലയളവിൽ നടത്തിയ സന്ദർശനമാണ് വി.എസ്. കാർത്തിക ഗൗഡ, കൗഷിക് എലൈക്, സചിൻ വി. സാവൻ എന്നിവർക്ക് സ്റ്റാർട്ടപ് തുടങ്ങാൻ പ്രചോദനമായത്. രാജ്യത്തെ മത്സ്യകൃഷി മേഖലയിൽ സുപ്രധാന നാഴികക്കല്ലാണ് ഈ സംരംഭമെന്ന് സിബ ഡയറക്ടർ ഡോ കെ.കെ. വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.