കെ-റെയിൽ കല്ലിടൽ നാട്ടുകാർ തടഞ്ഞു

ശ്രീമൂലനഗരം: പഞ്ചായത്തില്‍ കെ-റെയില്‍ പദ്ധതിക്ക് കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കനത്ത പ്രതിഷേധം. ചൊവ്വര തൂമ്പാക്കടവിന് സമീപം വ്യാഴാഴ്ച രാവിലെ 11.00 നാണ് സംഭവം.

ചൊവ്വര തേയ്ക്കാനത്ത് 70 വയസ്സിന് മുകളിലുള്ള ബേബി ലാസറിന്റെ വീട്ടില്‍ കല്ലിടാന്‍ വന്‍ പൊലീസ് സന്നാഹത്തോടെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിഷേധിക്കുകയായിരുന്നു. കല്ലുമായി വന്ന വാഹനം യൂത്ത് കോണ്‍ഗ്രസ്, വെൽഫെയർ പാർട്ടി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി. സെബാസ്റ്റ്യന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്‍റോ പി. ആന്റു, പഞ്ചായത്ത് മെംബര്‍ വി.എം. ഷംസുദീന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാര്‍, വിപിന്‍ ദാസ്, പി.കെ. സിറാജ്, മഞ്ജു നവാസ്, നെല്‍സണ്‍ പുളിക്ക എന്നിവരെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പിന്നീട് ജാമ്യത്തില്‍ വിട്ടു.

പ്രതിഷേധത്തെത്തുടര്‍ന്ന് കല്ല് സ്ഥാപിക്കാനുള്ള ശ്രമത്തില്‍നിന്ന് ഉദ്യോഗസ്ഥര്‍ പിന്തിരിഞ്ഞു. ചൊവ്വരയിലെ പാടത്തും റോഡ് സൈഡിലും പ്രതിഷേധക്കാരെ നീക്കം ചെയ്തതിന് ശേഷം നെടുമ്പാശ്ശേരി സി.ഐ ബൈജുവിന്റെ നേതൃത്വത്തിലെ വന്‍ പൊലീസ് സംഘത്തിന്റെ സഹായത്തോടെ കല്ലുകള്‍ സ്ഥാപിച്ചു. ജനങ്ങളെ വഴിയാധാരമാക്കി കോടികള്‍ കമീഷന്‍ തട്ടുന്നതിന് വേണ്ടിയുള്ള പിണറായി സര്‍ക്കാറിന്റെ കെ-റെയില്‍ പദ്ധതിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ത്തുമെന്ന് സമരസമിതി അറിയിച്ചു.

വൻ പൊലീസ് സന്നാഹം; ചെറുത്ത് നാട്ടുകാർ

കീഴ്മാട്: പഞ്ചായത്തിൽ കെ-റെയിൽ സർവേ കല്ലിടൽ നാട്ടുകാർ തടഞ്ഞു. ചൊവ്വര ഫെറിയിൽ വ്യാഴാഴ്ച ഉച്ചക്കുശേഷം വൻ പൊലീസ് സന്നാഹവുമായി കല്ലിടാൻ എത്തിയ സംഘത്തെയാണ് തടഞ്ഞത്.

സ്വകാര്യ പറമ്പുകളിൽ കല്ലിടാനുള്ള ശ്രമമാണ് എതിർത്തത്. ഫെറിയിലെ സർക്കാർ ആയുർവേദ ആശുപത്രി വളപ്പിന്‍റെ മതിലുചാടി കല്ലിടാനുള്ള ശ്രമവും അനുവദിച്ചില്ല. പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ അനുരഞ്ജന ശ്രമത്തിനും നാട്ടുകാർ വഴങ്ങിയില്ല. പൊതുസ്ഥലത്ത്‌ വേണമെങ്കിൽ കല്ല് സ്ഥാപിക്കാമെന്നും സ്വകാര്യ ഭൂമികളിൽ അനുവദിക്കില്ലെന്നുമുള്ള തീരുമാനത്തിൽ സമരക്കാർ ഉറച്ചുനിന്നു. ഇതേതുടർന്ന് പൊതുസ്ഥലത്ത് മാത്രം രണ്ട് കല്ല് സ്ഥാപിച്ചു. പുഴയോരത്തും അംഗൻവാടിക്ക് മുന്നിലുമാണ് കല്ലുകൾ സ്ഥാപിച്ചത്‌.

സർവേ സംഘം എത്തിയപ്പോഴേക്കും ആയുർവേദ ആശുപത്രി അടച്ച് ജീവനക്കാർ പോയിരുന്നു. ഗേറ്റ് പൂട്ടിയിരുന്നതിനാലാണ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചത്. എന്നാൽ, ഇതിനെ നാട്ടുകാർ എതിർക്കുകയായിരുന്നു.

2018 ലെ പ്രളയദുരന്തം ഏറ്റവും ബാധിച്ച ആലുവ മേഖലയിൽ ഇത്തരമൊരു പദ്ധതിയുമായി വരാൻ ജനദ്രോഹ ഭരണാധികാരികൾക്കേ കഴിയൂവെന്ന് തടയലിന് നേതൃത്വം നൽകിയ ഐക്യദാർഢ്യ സമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. ജില്ല പഞ്ചായത്ത് അംഗം സനിത റഹീം, പഞ്ചായത്ത് അംഗങ്ങളായ റസീല ഷിഹാബ്, സതീശൻ കുഴിക്കാട്ടുമാലിൽ, ആബിദ അബ്ദുൽ ഖാദർ, പഞ്ചായത്ത് മുൻ അംഗം പി.എ. മുജീബ്, സമരസമിതി ഭാരവാഹികളായ അബൂബക്കർ ചെന്താര, എ.എം. ഇസ്മായിൽ, ഫാത്തിമ അബ്ബാസ്, കെ.കെ. ശോഭ, ടി.എസ്. ഷറഫുദ്ദീൻ, കരീം കല്ലുങ്കൽ, ഷമീർ കല്ലുങ്കൽ, മാരിയ അബു, വി.എ. മുസ്തഫ, റഷീദ് എടയപ്പുറം, പി.പി. മുഹമ്മദ്, എ.ജി. അജയൻ, കെ.പി. സാൽവിൻ, അക്സർ അമ്പലപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - The K-rail was blocked by locals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.