കൊച്ചി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരകൾക്കായി നാട് കൈകോർക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തത്തിനാണ് വയനാട് മുണ്ടക്കൈയും ചൂരൽമലയും സാക്ഷ്യം വഹിച്ചത്. ഒപ്പം കിടന്നുറങ്ങിയ പ്രിയപ്പെട്ടവരിൽ പലരും മണ്ണിനടിയിലാണ്. കണ്ണീർക്കടലിൽ നെഞ്ചുപൊട്ടി മരവിച്ച് നിൽക്കുന്ന ആ മനുഷ്യർക്കായി കൈകോർക്കുകയാണ് നമ്മുടെ നാടും. ദുരിത മനുഭവിക്കുന്നവർക്കായി അവശ്യസാധനങ്ങൾ ശേഖരിച്ച് എത്തിക്കുക എന്ന ലക്ഷ്യത്തിൽ ജില്ലാ ഭരണകൂടവും വിവിധ സംഘടനകളും വ്യക്തികളും മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
കൊച്ചി: വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൗൺസലിങ് സേവനമൊരുക്കി ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സംഘടന. ദുരന്തത്തിൽ ഇരയായവർക്കും രക്ഷപ്പെട്ടവർക്കുമടക്കും അവരുടെ ബന്ധുക്കൾക്കുമടക്കമുള്ളവർക്കാണ് വളന്റിയർമാർ സേവനം നൽകുക. ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കേരള റീജനാണ് സേവനങ്ങൾ ഒരുക്കുന്നത്. കൗൺസലിങ് സേവനങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9074887320.
കൊച്ചി: ദുരിതമനുഭവിക്കുന്നവർക്കായി ഒരു ലക്ഷം രൂപയുടെ പുതുവസ്ത്രങ്ങൾ നൽകി പട്ടിമറ്റം അനു ടെക്സ്െറ്റെൽസ് ഉടമ എ.പി. കുഞ്ഞുമുഹമ്മദ്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങൾ ശേഖരിക്കുന്നതിനിടെ പ്രവർത്തകർ കുഞ്ഞുമുഹമ്മദിന്റെ കടയിൽ എത്തുകയും ആവശ്യം അറിയിക്കുകയുമായിരുന്നു. വസ്ത്രങ്ങൾ നിയോജകമണ്ഡലം പ്രസിഡന്റ് ജൈസൽ ജബ്ബാറിനും മണ്ഡലം പ്രസിഡന്റ് ഷഫീഖ് തേക്കലക്കുടിക്കും കൈമാറുകയുമായിരുന്നു. പട്ടിമറ്റം കൈതക്കാട് മഹല്ല് പ്രസിഡന്റ് കൂടിയാണ് കുഞ്ഞുമുഹമ്മദ്.
വൈപ്പിൻ: എടവനക്കാട് ദോസ്ത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാല് ബസിന്റെ ബുധനാഴ്ചത്തെ വരുമാനം വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈമാറുമെന്ന് പി.എ. ഷാനവാസ്, ആഷിക്, ശ്യാം എന്നിവർ അറിയിച്ചു.
കൊച്ചി: വയനാട് ദുരന്തത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അടിയന്തര സഹായമായി അഞ്ചുലക്ഷം ധനസഹായം നൽകും. പുനരധിവാസത്തിന് ആവശ്യമായ സഹായം പിന്നീട് നൽകുമെന്ന് പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ മുക്കം, കൊടുവള്ളി, താമരശ്ശേരി യൂനിറ്റുകളിലെ എ.കെ.ജി.എസ്.എം.എ പ്രവർത്തകർ ആവശ്യമായ മരുന്നും ഭക്ഷണവും എത്തിച്ചുവരുകയാണെന്നും അവർ പറഞ്ഞു.
കൊച്ചി: ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങാകാന്‍ ബേക്കേഴ്സ് അസോസിയേഷന് കേരളയും (ബേക്ക്). ദുരിതബാധിതര്‍ക്ക് ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ എത്തിച്ചുനല്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സംസ്ഥാന പ്രസിഡന്റ് കിരണ്‍ എസ്. പാലക്കല്‍, ജനറല്‍ സെക്രട്ടറി ബിജു പ്രേംശങ്കര്‍ എന്നിവര്‍ പറഞ്ഞു.
ബ്രഡ്, ബണ്‍, ബിസ്കറ്റ്, റെസ്ക്, പാനീയങ്ങള്‍ എന്നിവയുമായുള്ള ബേക്കിന്റെ ആദ്യ വാഹനം കണ്ണൂരില്‍നിന്ന് പുറപ്പെട്ടു. സഹായം എത്തിച്ചുനല്കാന് കോഴിക്കോട് കേന്ദ്രീകരിച്ച് ദുരിതാശ്വാസ സെല്ലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നല്കാന് ആഗ്രഹിക്കുന്നവര്‍ 7012724918 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വയനാട്, മലപ്പുറം കലക്ടര്‍മാരെ ബേക്ക് ഭാരവാഹികള്‍ ഫോണില്‍ ബന്ധപ്പെട്ട് സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. മുമ്പ് പ്രളയസമയത്തും ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും ബേക്ക് എത്തിച്ചുനല്‍കിയിരുന്നു.
കൊച്ചി: രക്ഷാദൗത്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയനും പങ്കാളികളാകും. വ്യാഴാഴ്ച മുതൽ മുതല്‍ വെള്ളിയാഴ്ച വൈകുന്നേരം മൂന്നുവരെ ഇതിനായി എറണാകുളം പ്രസ് ക്ലബ്ബില്‍ കൗണ്ടര്‍ തുറന്നിട്ടുണ്ട്.
ഭക്ഷണസാധനങ്ങൾ (പാക്ക് ചെയ്തത്), കുപ്പിവെള്ളം, പുതിയ വസ്ത്രങ്ങള്‍, സ്വറ്ററുകള്‍, കമ്പിളി, ബെഡ് ഷീറ്റുകള്‍, സാനിട്ടറി നാപ്കിന്സ്, മരുന്നുകള്‍ തുടങ്ങിയ സാധനങ്ങള്‍ ശേഖരിച്ച് നല്‍കാം.
വൈപ്പിൻ: വയനാട്ടിലെ പ്രളയ ഭൂമിയിലേക്ക് വൈപ്പിൻ വാർത്താ ഗ്രൂപ് അത്യാവശ്യ സാധനങ്ങൾ ശേഖരിച്ച് മാലിപ്പുറം ഫയർഫോഴ്സിന് കൈമാറി. കീമോണ, ടലിസ്മാൻ നക്ഷത്ര, ജിൻഷാ തുടങ്ങിയ കച്ചവട സ്ഥാപനങ്ങളിൽനിന്നുമാണ് വസ്ത്രങ്ങൾ ഉൾപ്പെടെ അവശ്യസാധനങ്ങൾ അൻസാർ മുല്ലക്കര, യൂസഫ് കളപ്പുരക്കൽ ജലാലുദ്ദീൻ എന്നിവർ ചേർന്ന് ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.