കരുമാല്ലൂർ: കരുമാല്ലൂരിൽ മൃഗാശുപത്രി ഉൾപ്പെടെ മൂന്നിടങ്ങളിൽ കവർച്ച നടന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. കരുമാല്ലൂർ കാരുചിറയിൽ ഒരു കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂള്‍, മൃഗാശുപത്രി, ജനകീയ ഹോട്ടല്‍ തുടങ്ങിയ മൂന്നിടങ്ങളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പഞ്ചായത്തിന്റെ വസ്തുവിലാണ് മൂന്ന് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.
ആലങ്ങാട് പൊലീസും ആലുവയിൽനിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മൃഗാശുപത്രിയുടെ രണ്ട് വാതിലുകളുടെ പൂട്ട് പൊളിച്ചാണ് മോഷണ സംഘം അകത്തുകയറിയത്. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 1235 രൂപ നഷ്ടമായി. രാവിലെ ജീവനക്കാരനെത്തിയപ്പോഴാണ് വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്. പരിസരങ്ങള്‍ പരിശോധിച്ചപ്പോഴാണ് തോട്ടടുത്തുള്ള ജനകീയ ഹോട്ടലിന്റെ പിൻവാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. മേശയില്‍നിന്നു 6000 രൂപയും ഒരു വാച്ചും കൊണ്ടുപോയി. ഇതിന് അടുത്തു തന്നെയാണ് ബഡ്സ് സ്കൂള്‍. അവിടത്തെ മൂന്ന് വാതിലുകളുടെയും താഴ് പൊളിച്ചുമാറ്റിയ നിലയിലാണ്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. ഈ സ്ഥാപനങ്ങളോടടുത്തുള്ള റോഡില്‍ പഞ്ചായത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
ഒരുമാസം മുമ്പാണ് ബ്രഹ്മ ഫയർ വർക്സ് എന്ന പടക്ക നിർമാണ ശാലയിൽ സൂക്ഷിച്ചിരുന്ന 70 ലക്ഷം രൂപയുടെ പടക്ക സാമഗ്രികൾ കാണാതായത്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ കവർച്ച നടന്നത്. ഇതിന് മുമ്പ് കരുമാല്ലൂര്‍ പഞ്ചായത്തിന് സമീപത്തെ ഒരു വീട്ടിൽനിന്നും ലാപ്ടോപ്പും വില കൂടിയ മൊബൈൽ ഫോൺ ഉൾപ്പെടെ കാറിലെത്തിയ സംഘം കവർച്ച നടത്തിയത്. ആലുവ-പറവൂർ റോഡിന് ഇരുവശങ്ങളിലും അടിക്കടി കവർച്ച നടന്നിട്ടും പ്രതികളെ പിടികൂടാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.