കിഴക്കമ്പലം: വിവിധ ബോർഡ്, കോർപറേഷൻ, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുത്തൻകുരിശ് കാണിനാട് വട്ടത്തിൽ ജിനരാജ് (64), കിഴക്കമ്പലം ടെക്സാസ് വില്ലയിൽ വെണ്ണിത്തടത്തിൽ വത്സൻ മത്തായി (52) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ബിവറേജസ് കോർപറേഷനിൽ ജോലി നൽകാമെന്നുപറഞ്ഞ് കുട്ടമംഗലം സ്വദേശിയായ യുവാവിൽനിന്ന് നാലരലക്ഷം രൂപയും മിൽമയിൽ ജോലി നൽകാമെന്നുപറഞ്ഞ് പുത്തൻകുരിശ് സ്വദേശിയിൽനിന്ന് മൂന്നുലക്ഷം രൂപയും തട്ടിയെടുത്തു. ബെവ്കോയുടെ വ്യാജ ലെറ്റർപാഡിൽ നിയമന ഉത്തരവും നൽകിയിരുന്നു. ജോലിയിൽ പ്രവേശിക്കാൻ പോകുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് നിയമന ഉത്തരവുകൾ മാറ്റിമാറ്റി നൽകുകയായിരുന്നു.
ബെവ്കോയുടെ പേരിൽ ഇത്തരത്തിൽ മൂന്ന് കത്തുകൾ യുവാവിന് നൽകിയിട്ടുണ്ട്. ഇയാളിൽനിന്ന് നാലരലക്ഷം രൂപ പണമായാണ് വാങ്ങിയത്. മിൽമയിൽ ജോലി കൊടുക്കാമെന്നുപറഞ്ഞ് ചെക്ക് വാങ്ങുകയായിരുന്നു. ജിനരാജ് റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്നും രാഷ്ട്രീയക്കാരനാണെന്നും പറഞ്ഞാണ് പരിചയപ്പെടുത്തിയിരുന്നത്.
നിരവധിപേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. ഔഷധി, ടെൽക് എന്നീ സ്ഥാപനങ്ങളിലും ഇവർ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉദ്യോഗാർഥികളെ നേരിട്ട് കണ്ടെത്തി വലയിൽ വീഴിക്കുകയാണ് ചെയ്തിരുന്നത്. സ്ഥിരം നിയമനമാണ് നൽകുന്നതെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടുന്നത്. പണം കൊടുത്തവർ നിയമനത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പായിരുന്നുവെന്ന് മനസ്സിലായത്. തുടർന്നാണ് പരാതി നൽകിയത്. കൂടുതൽപേർ പരാതിയുമായി സ്റ്റേഷനിൽ എത്തുന്നുണ്ട്. ജിനരാജിന് അമ്പലമേട് സ്റ്റേഷനിൽ സമാനമായ തട്ടിപ്പിന് കേസുണ്ട്. നോർത്തിലും ഞാറക്കൽ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.