പള്ളുരുത്തി: പുതിയ ട്വൻറി20 കൂട്ടായ്മ നേടിയ വിജയം ചെല്ലാനം പഞ്ചായത്തിലെ ഇടത്-വലത് മുന്നണികളെ വലക്കുന്നു. 21 വാർഡുള്ള ചെല്ലാനത്ത് ട്വൻറി20 നേടിയത് എട്ട് വാർഡാണ്. ഒപ്പം ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡും. കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് വേണമെന്നിരിക്കെ തുടർ ഭരണം ലക്ഷ്യം വെച്ച് മത്സരിച്ച ഇടതു മുന്നണിക്ക് ഒമ്പത് സീറ്റ് മാത്രമാണുള്ളത്. 2010 ൽ അധികാരത്തിലുണ്ടായിരുന്ന യു.ഡി.എഫിന് ഇക്കുറി നാല് സീറ്റ് മാത്രം.
കഴിഞ്ഞ തവണ ഒരു സീറ്റിൽ വിജയിച്ച എൻ.ഡി.എ സംപൂജ്യരാണ്. യു.ഡി.എഫ് സഹായത്തോടെ ആദ്യമായി അധികാരത്തിലെത്താനുള്ള നീക്കമാണ് ട്വൻറി20 നടത്തുന്നത്.എന്നാൽ, മൂന്ന് മുന്നണിയെയും എതിർക്കുന്ന നയം തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചതിനാൽ പരസ്യമായി യു.ഡി.എഫ് പിന്തുണ സ്വീകരിക്കുന്നതിൽ ട്വൻറി20ക്ക് വിയോജിപ്പുണ്ട്. ഇടതുമുന്നണി അധികാരത്തിലെത്താതിരിക്കാൻ തങ്ങൾക്ക് യു.ഡി.എഫ് പ്രതിനിധികൾ വോട്ട് ചെയ്യട്ടെ എന്നതാണ് ട്വൻറി20യുടെ തീരുമാനം.
യു.ഡി.എഫിൽ കോൺഗ്രസ് പ്രതിനിധികൾ മാത്രമേയുള്ളു. ഇടതിനെ അധികാരത്തിലേറ്റരുതെന്നാണ് കോൺഗ്രസ് ജില്ല നേതൃത്വത്തിെൻറ തീരുമാനം. ഇക്കാര്യം കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. പഞ്ചായത്തിൽ കോൺഗ്രസിന് ചെല്ലാനം, കണ്ണമാലി എന്നിങ്ങനെ രണ്ട് കമ്മിറ്റികളാണുള്ളത്.ട്വൻറി20യുടെ കടന്നുവരവോടെ കാര്യമായി നഷ്ടമുണ്ടായത് കോൺഗ്രസിനാണ്. അതിനാൽ പ്രാദേശിക നേതൃത്വങ്ങൾക്ക് ഇവർക്കൊപ്പം യോജിക്കാൻ താൽപര്യമില്ല.
തന്നെയുമല്ല കോൺഗ്രസിെൻറ പ്രാദേശിക നേതാക്കളെ കണ്ട് ട്വൻറി20 നേതാക്കൾ പിന്തുണ അഭ്യർഥിക്കുന്നുമില്ല. ഇതും വിയോജിപ്പ് ശക്തമാക്കിയിരിക്കയാണ്. ട്വൻറി20 എന്തായാലും മത്സരിക്കാനുള്ള തീരുമാനത്തിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനാർഥികളെ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ തെരഞ്ഞെടുത്തു. കോൺഗ്രസ് അനുകൂലമായി വോട്ട് ചെയ്യുമെന്ന് തന്നെയാണ് ഇവർ പ്രതീക്ഷിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.