കാക്കനാട്: ജില്ല ഭരണസിരാകേന്ദ്രത്തിൽ അനധികൃതമായി വാഹനം പാർക്കു ചെയ്യുന്നവർക്കെതിരായ നടപടികൾ ആരംഭിച്ചു. സിവിൽ സ്റ്റേഷനിലെ പഴയ ബ്ലോക്കിനെയും പുതിയ ബ്ലോക്കിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പുറത്തെ ഫയർ ഹൈഡ്രന്റ് മറക്കുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്ത ജീവനക്കാരനാണ് കഴിഞ്ഞ ദിവസം പണി കിട്ടിയത്.
ജീവനക്കാരന്റെ ബൈക്ക് മോട്ടോർ വാഹന വകുപ്പ് പൂട്ടിയിടുകയായിരുന്നു. ബൈക്കിൽ ആർ.ടി.ഒയുടെ നമ്പറും പതിച്ചിരുന്നു. വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഇറങ്ങിയപ്പോഴാണ് വൈക്കം സ്വദേശിയായ ജീവനക്കാരൻ ബൈക്ക് പിറകിൽനിന്ന് പൂട്ടിയത് മനസ്സിലാക്കിയത്. എ.ഡി.എം വഴി ആർ.ടി.ഒയെ വിളിച്ച ശേഷമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തി പൂട്ടു തുറന്നു കൊടുത്തത്. വരും ദിവസങ്ങളിലും അനധികൃതമായി പാർക്ക് ചെയ്യുന്നവരുടെ വാഹനങ്ങൾ പൂട്ടിയിടുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
തീപിടിത്തംപോലെ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ഹൈഡ്രന്റുകൾ മറയ്ക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്തതിന് പത്തോളം ജീവനക്കാർക്ക് കഴിഞ്ഞദിവസം പിഴശിക്ഷ നൽകിയിരുന്നു. ഇവരിൽനിന്ന് 250 രൂപ വീതം പിഴ ഈടാക്കി. തുടർന്നും ഇത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൂട്ടിയിടുമെന്ന് കഴിഞ്ഞദിവസം എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനന്തകൃഷ്ണൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇവരിൽനിന്ന് പിഴ ഈടാക്കില്ലെന്നും കലക്ടറുടെ നിർദേശം ലഭിച്ചാൽ മാത്രമേ വാഹനം തുറന്നുകൊടുക്കൂവെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഹൈഡ്രന്റിന്റെ മുന്നിൽ നോട്ടീസ് പതിക്കുകയും ചെയ്തു. വീണ്ടും തുടർന്ന സാഹചര്യത്തിലാണ് ജീവനക്കാരന്റെ വാഹനം പൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.