കിഴക്കമ്പലം: അമ്യൂസ്‌മെൻറ് പാര്‍ക്കായ പള്ളിക്കര വണ്ടര്‍ലാ കോവിഡ് പശ്ചാത്തലത്തില്‍ അടച്ച് പ്രവര്‍ത്തനം നിര്‍ത്തിയിട്ട് മാസം ആറുകഴിഞ്ഞു. ദിവസേന ശരാശരി മൂവായിരത്തോളം വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയിരുന്നത്. പാര്‍ക്ക് അടച്ചതോടെ പള്ളിക്കരയുടെ സാമ്പത്തികനില പരുങ്ങലിലായി. വണ്ടര്‍ലായില്‍ നേരിട്ടും കരാര്‍ വ്യവസ്ഥയിലുമായി എഴുന്നൂറോളം ജോലിക്കാരാണുള്ളതെന്ന് ജനറല്‍ മാനേജര്‍ എം.എ. രവികുമാര്‍ പറഞ്ഞു.
പാര്‍ക്കിലെ ശുചീകരണത്തിനും മറ്റുമായി വിരലിലെണ്ണാവുന്ന ജോലിക്കാരാണ് ഇപ്പോൾ വരുന്നത്. മറ്റുള്ളവരെല്ലാം ജോലിയില്ലാതെ വീടുകളില്‍ കഴിയുന്നു. പാര്‍ക്ക് എന്നത്തേക്ക് തുറക്കാനാകും എന്നതില്‍ വ്യക്തതയില്ല. പാര്‍ക്ക് പ്രവര്‍ത്തിക്കാതായതോടെ കുന്നത്തുനാട് പഞ്ചായത്തിന് വിനോദ നികുതിയിനത്തില്‍ ലഭിക്കേണ്ടിയിരുന്ന ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്. ഇതുമൂലം പഞ്ചായത്തിലെ ഒട്ടേറെ വികസനപ്രവൃത്തികളാണ് മുടങ്ങിയത്.
കാക്കനാടുമുതല്‍ വണ്ടര്‍ലായുടെ പരിസരം വരെ റോഡരികിലുണ്ടായിരുന്ന മുഴുവന്‍ കടകളും അടഞ്ഞിട്ട് മാസങ്ങളായി. ഹോട്ടലുകള്‍, തട്ടുകടകള്‍ ബനിയന്‍, ബര്‍മുഡ, സ്റ്റേഷനറി കടകള്‍ എന്നിവയാണ് ഇതില്‍പെടുന്നത്. കൂടാതെ നിരവധി വഴിയോരക്കച്ചവടക്കാര്‍ക്കും കച്ചവടം ഇല്ലാതായി.
ഹോട്ടല്‍ നിര്‍ത്തിയതൊടെ വലിയ സാമ്പത്തിക നഷ്്ടമാണ് നേരിടുന്നതെന്ന് ഹോട്ടല്‍ വ്യാപാരികള്‍ പറഞ്ഞു. പരിസരത്തുള്ള നിരവധി ലോഡ്ജുകളും അടഞ്ഞ് കിടക്കുകയാണ്. പലരും വന്‍ തുക ലോണെടുത്താണ് കെട്ടിടങ്ങള്‍ പണിതത്. കച്ചവടങ്ങള്‍ ഇല്ലാതാകുകയും വാടക ലഭിക്കാതാകുകയും ചെയ്തതോടെ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ്. വിനോദസഞ്ചാരികളെ കാത്തുകിടന്നിരുന്ന മുപ്പതോളം ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, മിനി വാനുകള്‍ എന്നിവയെല്ലാം ഓട്ടമില്ലാത്ത അവസ്ഥയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.