കരിയാട്: തുരുത്തിശ്ശേരി കൈതപ്പാടം നികത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് കൊടികുത്തി പ്രതിഷേധിച്ചു. സി.പി.എം ആഭിമുഖ്യത്തിലുള്ള കര്‍ഷകത്തൊഴിലാളി യൂനിയന്‍ ആര്.ഡി.ഒ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനും ഒരുങ്ങുന്നു. നെടുമ്പാശ്ശേരി പഞ്ചായത്ത് 13ാം വാര്‍ഡിലെ ഒരേക്കറോളം പാടശേഖരമാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നികത്തിയത്. മൂന്നടിയോളം ഉയരത്തില്‍ ചുവന്ന മണ്ണിട്ടാണ് നികത്തിയത്.
കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തിലെ പ്രധാന മേഖലയാണിത്. പാടം നികത്തിയതോടെ ചുറ്റുവശങ്ങളിലെ ജലസേചന സംവിധാനം അവതാളത്തിലായി.
കിണറുകളിലും ജലസ്രോതസ്സുകളിലും നീരുറവ ലഭ്യമാകാതിരിക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്. നികത്തല്‍ ഊര്‍ജിതമായതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്. പരാതിയെത്തുടര്‍ന്ന് നികത്തല്‍ നിര്‍ത്തിവെച്ചു.
നികത്തിയ മണ്ണ് പാടത്തുനിന്ന് നീക്കണമെന്നും മണ്ണുമാഫിയകളെ നിയന്ത്രിക്കണമെന്നുമാവശ്യപ്പെട്ട് നെടുമ്പാശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് എല്‍ദോ വര്‍ഗീസ്, സെക്രട്ടറി മനൂപ് വര്‍ഗീസ്, യൂനിറ്റ് പ്രസിഡന്റ് അരുണ്‍ വര്‍ഗീസ്, യൂനിറ്റ് സെക്രട്ടറിമാരായ അമല്‍ദാസ്, ജിസ്മോന് ദേവസി, സരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമീപപ്രദേശമായ കല്പകനഗറിലും പാടം നികത്തല്‍ തകൃതിയാണ്. മണ്ണ് ഉടന്‍ നീക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു പഞ്ചായത്ത് സെക്രട്ടറി പി.കെ. അജി ആര്.ഡി.ഒക്ക് പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.